Friday, April 18, 2008

വരയന്‍ പുലി : തോമസ് ആന്റണി

മലയാളത്തിലെ പത്രങ്ങളില്‍ ക്യാരിക്കേച്ചര്‍ വരയ്ക്കുന്നവരില്‍
അഗ്രഗണ്യന്‍. കുറേക്കാലം ദീപികയിലായിരുന്നു. ഈയുള്ളവന്റെ സ്ഥാനം അടുത്തുതന്നെ തെറിക്കാനുള്ള സകല സാധ്യതയുമുണ്ട്. ഭയങ്കരന്‍ 110 കിലോ കടന്നിട്ട് നാളേറെയായിരിക്കുന്നു.
ഈയിടെ, യു.എന്‍.-ഉമായി ബന്ധപ്പെട്ട് കലക്കന്‍ ഒരവാര്‍ഡ് കിട്ടിയതേയുള്ളൂ.

Friday, February 29, 2008

വരയന്‍പുലി : ബി. എം. ഗഫൂര്‍

വരയന്‍പുലി സീരീസില്‍ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പരേതനായ ബി. എം. ഗഫൂറടക്കം ഏഴു പുലികളെ അണിനിരത്തുകയാണ്. ഇവരില്‍ ഉണ്ണി മാത്രമാണ് കേരളത്തിനു പുറത്ത്, അതും ഇംഗ്ലീഷ് പത്രങ്ങളില്‍ വരയ്ക്കുന്നത്. മറ്റുള്ളവരെക്കുറിച്ച് പറയേണ്ടതില്ലല്ലൊ ... ഒന്നിനൊന്ന് വ്യത്യസ്ത ശൈലികളില്‍ ഇവര്‍ വരച്ച് വരച്ച് മലയാളികളെ എത്രയോ വര്‍ഷങ്ങളായി രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.... !
കണ്ടാലും... !

വരയന്‍പുലി : കാര്‍ട്ടൂണിസ്റ്റ് ടോംസ്

വരയന്‍പുലി : കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍

വരയന്‍പുലി : കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍

വരയന്‍പുലി : കാര്‍ട്ടൂണിസ്റ്റ് തോമസ്

വരയന്‍പുലി : കാര്‍ട്ടൂണീസ്റ്റ് ഗോപീകൃഷ്ണന്‍

Thursday, February 28, 2008

വരയന്‍പുലി : കാര്‍ട്ടൂണീസ്റ്റ് ഉണ്ണി

Tuesday, February 26, 2008

ആന 11 : പീപ്പിള്‍സ് മാര്‍ച്ച് ഗോവിന്ദന്‍കുട്ടി

കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു താത്വികാചാര്യനും പത്രാധിപരുമായ വൃദ്ധനായ ഈ മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു - ഇന്നലെ രാത്രി ഒരു ന്യൂസ് ചാനലില്‍ ഒരു ഞൊടിയിടക്കാഴ്ച്ചയായി വന്ന് ഉഷാറില്‍ രണ്ടു വര്‍ത്താനോം പറഞ്ഞ് അങ്ങേര് മറയും വരെ.
പാവം സമയത്തിനെ ജോയിന്റ് വെഞ്ചറായി അടിച്ചുകൊല്ലാമല്ലൊ എന്ന മോഹവുമായി എത്തിയ സന്ദര്‍ശകനെ പിണക്കാതെ പുറത്താക്കി ശബ്ദമില്ലാതെ പടിയടച്ച് പിണ്ഡോം വെച്ച് കഴിഞ്ഞപ്പോഴാണ്, ഒരു രണ്ടു മിനിറ്റ് കരകുരവരയില്‍ വിപ്ലവകരിയെ തീര്‍ത്ത്, പീപ്പിള്‍സ് ഓണ്‍ലൈന്‍ എന്ന സഹയാത്രികസംഘടനയ്ക്ക് അയച്ചുകൊടുത്താലോ എന്നു പെട്ടെന്നു തോന്നിയത് . ജി-മെയില്‍ എന്ന ചുഴലിക്കാറ്റ് എന്റെ പടത്തിനെയുംകൊണ്ട് പറപറക്കുന്നത് കുറച്ചുനേരം നോക്കിനിന്ന് തിരികെ വന്നു നോക്കുമ്പോള്‍, അതാ മറ്റൊരു ചാനലില്‍ വീണ്ടും ആ വൃദ്ധന്‍ ഉഷാര്‍ ! ഞാന്‍ ഒന്നു കൂടി നോക്കി. അതേ നോട്ടം തന്നെ തെല്ലു മുമ്പും അയച്ചതായിരുന്നു. അപ്പൊ, കണ്ടില്ല - കീഴ്ച്ചുണ്ടിനു താഴെ താടി വരെ ഒരു ചെറുവട്ടഠിനകത്ത് രോമമില്ലായിരുന്നു ! കഷ്ടം ! പടം ഇനിയെന്റെയല്ല, നിങ്ങട്യല്ലെ....

ഇച്ഛാഭംഗം ശബ്ദമില്ലാതെ വന്ന് ഒന്നു പാളിനോക്കി ചൂളമടിച്ച് കടന്നുപോയി. ഉള്ളില്‍ ചിരിയാണ് വന്നത്. ഈ പൂച്ചക്കണ്ണുകള്‍ കാഴ്ച്ചയുടെ മോശം അളവുപാത്രങ്ങളാണെന്ന സത്യം പലരും സൂചിപ്പിച്ചിട്ടുണ്ട്. നോക്കൂ, ഇടതൂര്‍ന്ന വെള്ളമുടിത്താടികളും ധാരാളം കുണ്ടും കുഴികളും ഉള്ള നീളന്‍ മുഖവും പണി എളുപ്പമാക്കിയിരുന്നെങ്കിലും ഒരിടത്ത് പിഴച്ചു. നാലു രോമം വരയ്ക്കാഞ്ഞാല്‍ അത് വെറും മറ്റൊരു വൃദ്ധനായിപ്പോകും. ഈ പ്രകൃതി ! 600 കോടി മനുഷ്യരുടെ മുഖമൊപ്പിയെടുക്കാന്‍ വേണ്ട അത്രയും ജ്യാമിതീയസൂത്രങ്ങള്‍ ആ മുഖങ്ങളില്‍ത്തന്നെ ഒളിപ്പിച്ചുവെച്ചിരിക്കയല്ലെ. ഞാനെന്തറിയുന്നൂ ! പോയ 400 കൊല്ലങ്ങളില്‍‍ തൊണ്ണൂറോളം സസ്തനികള്‍ നാമാവശേഷമായത്രെ. വലുതും ചെറുതുമായ ഇരുപത്തേഴായിരത്തോളം ജീവജാലങ്ങള്‍ എല്ലാക്കൊല്ലവും എന്നേയ്ക്കുമായി മണ്മറഞ്ഞു പോകുന്നുവത്രെ. അവയോരോന്നിലേയും ലക്ഷക്കണക്കിന് ‘മനുഷ്യര്‍’ , അവരുടെ ഒരു ചെറുകൂട്ടം സഹചാരികള്‍ക്കും ഇരകള്‍ക്കും ശത്രുക്കള്‍ക്കും മാത്രം പൊളിക്കാവുന്ന അടയാളങ്ങളായി എനിക്കു മുഖം കാണിക്കാതെ ജീവിച്ചു, പിന്നെ മറഞ്ഞു. ആ അടയാളങ്ങള്‍ ഏതു ഭാഷയിലായിരുന്നു ? എത്രയെത്ര നേരത്തെ നോട്ടത്തിലാണ് ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് ഒരടയാളമെങ്കിലും തെളിയുന്നതെന്നോ ! ................ ഇവിടെ , 20 കൊല്ലം ചെറുപ്പക്കാരനായ എന്നെ നോക്കി ഇതാ, കരുത്തനായ ആ വൃദ്ധന്‍ പരിഹസിക്കാതെ ചിരിക്കുന്നു.

ഗോവിന്ദന്‍കുട്ടിയെപ്പോലുള്ള ആയിരങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ, മനസ്സിനെ ച്ഛിന്നഭിന്നമാക്കുന്ന പേടിപ്പിക്കലുകള്‍ ഊഹിച്ചെടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നത് , ഒരുവിധം പ്രാപ്തനാക്കുന്നത്, ക്ലൌസ്ട്രോഫോബിയ എന്നില്‍ സ്ഥിരമായി നിക്ഷേപിച്ച പേടിയുടെ വിത്തുകളാണ്. നിര്‍ദ്ദോഷമെന്നു തോന്നുന്ന ഏകാന്തത‍ തരുന്ന ഭ്രാന്തുപിടിപ്പിക്കുന്ന ഭ്രമകല്പനകള്‍ ഇന്ന് ഞാനൊന്നു നിനച്ചാല്‍ വിളിപ്പുറത്തു വരും.


ഓരോ വളവിലും പതുങ്ങിയിരിക്കുന്ന ഉന്മാദത്തിന്റെ പിശാചുക്കളെ ഈ വൃദ്ധന്‍, അങ്ങനെ എത്രയോ ഒറ്റപ്പെട്ട മനുഷ്യര്‍, ചെറുത്തു തോല്‍പ്പിക്കുന്നു എന്ന എന്റെ എന്നുമുള്ള അത്ഭുതം വരയ്ക്കാന്‍ പറഞ്ഞിട്ടാ ഗോവിന്ദന്‍ കുട്ടിയെ ഞാന്‍ ഇന്നലെ അത്ര പെട്ടെന്ന് വരച്ചത് .

Saturday, February 23, 2008

ആന 10 : ഇ.എം.എസ്.

കൃത്യം പത്തരക്കൊല്ലം മുമ്പാണ് ഞാനൊരു കമ്പ്യൂട്ടറില്‍ ആദ്യമായി തൊടുന്നത് തന്നെ.

സര്‍ക്കാര്‍ ജീവികള്‍ക്കു പറഞ്ഞിട്ടുള്ള ലോട്ടസ്സിന്റെ വേഡ്പ്രൊ, 123 എന്നിവയായിരുന്നു ആദ്യം. എമ്മെസ് വേഡ്, എക്സെല്‍ എന്നിവ വെല്ലുവിളീയുമായി വരാന്‍ വൈകിയില്ല. ഇന്റര്‍നെറ്റിലെ എന്റെ ഒരേയൊരു ഗുരു ഇപ്പോള്‍ പാലക്കാടുള്ള സഹപ്രവര്‍ത്തകന്‍ കൂടിയായ ഹരീഷ് ബായ്.

എമ്മെസ് പെയ്ന്റിന്മേല്‍‍ മണിക്കൂറുകള്‍ ഇരുന്നു പണിഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു. മാധവിക്കുട്ടിയെയാണ് ആദ്യം വരച്ചു തീര്‍ത്തത്. ലാലുപ്രസാദ്, മുലായംസിങ്ങ് യാദവ്, വീക്കെയെന്‍ എന്നിവര്‍ കൂടി വഴിക്കുവഴി വന്നു.

എമ്മെസ് പെയ്ന്റാണ് ഗ്രാഫിക് പ്രോഗ്രാമിലെ അവസാനവാക്കെന്നായിരുന്നു തോന്നല്‍. ഫോട്ടോഷോപ് എന്നൊരു സാധനണ്ട് എന്ന് പറഞ്ഞും പിന്നെ കാണിച്ചും തന്നത് ഇപ്പോള്‍ ബാംഗ്ലൂരുള്ള പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് പ്രകാശ് ഷെട്ടിയാണ്.

കളറില്‍ ചെയ്ത ആദ്യ വ്യക്തിയാണ് നമ്മടെ ഈയെമ്മെസ്. നിറങ്ങളും കൈകാലുകളുടെ വിന്യാസവുമൊക്കെ പലതവണ മാറ്റി മാറ്റി......... ഒടുവില്‍, ഇത്...

ഈ ചിത്രം എനിക്കു വല്യ സന്തോഷം തരും, കാണുമ്പോഴൊക്കെ... :)

ആന 9 : നവാബ് രാജേന്ദ്രന്‍

1999 മാര്‍ച്ചിലെ നല്ലൊരു ദിവസം.
എനിയ്ക്ക് ഈശ്വരവിശ്വാസം ക്രമാതീതമായി വര്‍ദ്ധിച്ചതന്നായിരുന്നു.

ഭക്ത്തകുചേല-ദശാവതാരം തുടങ്ങി സുബ്രഹ്മണ്യം പ്രൊഡക്ഷന്‍സിന്റെ സകലമാന പടങ്ങള്‍ വരെ, ചരിത്രത്തോട് 100 ശതമാനവും നീതി പുലര്‍ത്തിയിരിക്കുന്നല്ലൊ എന്ന ബോധോദയം തോന്നിയത് ആ ബ്രേക് ഫാസ്റ്റ് സമയത്തായിരുന്നു. രാമായണ്‍ തുടങ്ങി ലേറ്റസ്റ്റ് ‘സ്വാമി അയ്യപ്പന്‍’ വരെയുള്ള സീരിയലുകളീലെ ബ്രഹ്മാവ്-നാരദന്മാര്‍ മുതല്‍ പേര്‍ ചുമ്മാ സ്റ്റൈല്‍ കാണീക്കുന്നതല്ല, മറിച്ചാണ് എന്നിപ്പോള്‍ തോന്നാനും കാരണം അതേ അത്ഭുത സമയം തന്നെ.

കാരണം...

അന്നാണ്, ഞാന്‍ മൂന്നു പേര്‍ , 100 ശതമാനം ശുദ്ധശൂന്യമായിരുന്ന അന്തരീക്ഷത്തില്‍നിന്ന് ചുമ്മാ ക്രമേണയായി പ്രത്യക്ഷപ്പെടുന്നതു കണ്ടത്. ഒരു വരൈറ്റിക്കു വേണ്ടി തടിയന്റെ കരച്ചില്‍ പ്രോഗ്രാമായി അവതരിപ്പിക്കാന്‍ പറ്റിയ സ്ഥലമായിരുന്നില്ല. അതുകൊണ്ട്, അങ്ങനെ നിന്നു.

‘ഒരു മൂന്നു പേര് കൂടി തെളിഞ്ഞു വരാനുണ്ട്. മാഷ്ക്കൊന്ന് വെയ്റ്റ് ചെയ്യാമൊ ?’

ഒരൊറ്റട്ടേബിളീല്‍ ഒരു ഡബിള്‍ലാര്‍ജ് നീറ്റ്-ഉമായി ഒരാള്‍. എനിക്കാളെ മനസ്സിലായി. നിശ്ശബ്ദമായി ‘ഹല’ പറഞ്ഞു. നവാബ് തിരിച്ച് ചിരിച്ചു.


ഞങ്ങള്‍ സര്‍വേയ്ക്ക് വന്നതായിരുന്നു. ശബ്ദായമാനമായ വന്‍പ്രതിഷേധത്തോടെയാണ് നവാബ് തന്റെ സ്യൂട്കേസ് തുറന്നു കാണിച്ചത്. മൂന്നു ദിവസത്തെ ഒരര്‍ജെന്റ് ഏര്‍പ്പാടിന് തിരോന്തരത്തേക്കു പോകുന്ന ഭയങ്കരന്റെ പെട്ടിയില്‍ ഒരു ഫുള്‍ മാസത്തേക്കു വായിക്കാനുള്ള വ്യവഹാരങ്ങളുണ്ടായിരുന്നു. നൊ തുണി വോസ് ഹവ്വെവര്‍, വിസിബിള്‍.


ആകെ പ്രാകി മടച്ച് നേരെ എതിര്‍വശത്തുള്ള ഇങ്കംടാക്സോഫീസിലന്റെ കോണിപ്പടികള്‍ ചവിട്ടിത്തൂര്‍ത്തുകൊണ്ട് കയറിവന്നയാള്‍ ഒന്നു തണുഠല്ലൊ എന്നു തോന്നിയപ്പോള്‍ ഞാന്‍ വരച്ചു നീട്ടിയ പടമാണിത്. കുറച്ചു നേരം ഒന്നും മിണ്ടാതെ നോക്കിനിന്നിട്ട് ചുരുട്ടി പെട്ടിയ്ക്കകത്തിട്ട് പോകാന്‍ തുടങ്ങുമ്പോള്‍ ഈയെമ്മെസ്സിന്റെ മുകളിലെ പടത്തിന്റെ കമ്പ്യൂട്ടര്‍ ഡോട്മാട്രിക്സ് പ്രിന്റൌട് കൂടി നീട്ടി. ഒന്നും മിണ്ടാതെ അതും വാങ്ങി. പിന്നെ. സ്നേഹമുള്ള ഒരു നോട്ടമെറിഞ്ഞു തന്ന് പടിയിറങ്ങി.

*********************************************
മാസം നാലഞ്ചു കഴിഞ്ഞു കാണണം. ഒഴിവുദിവസത്തിന്റെ ആലസ്യത്തില്‍ ഒരുച്ചയ്ക്ക്, കൈരളി ടിവി ചുമ്മാ ഓണ്‍ ചെയ്തതാ. സ്ക്രീനില്‍ ഒരു വീടിന്റെ അകത്തളം. നവാബ് ആദരവോടെ ഒരു വൃദ്ധയ്ക്കു നേരെ നടന്നടുക്കുന്നു. കയ്യില്‍ പിടിച്ചിരുന്ന വെള്ളക്കട്ടിക്കടലാസ്സ് ഉപഹാരമായി നീട്ടുന്നു. ക്യാമറാമര്യാദകള്‍ വശമില്ലാതിരുന്ന നവാബിന്റെ കയ്യില്‍നിന്ന് കടലാസൊന്നു പാളി ..... ഒരു പത്തിലൊരു സെക്കന്‍ഡ് മാത്രം.

പക്ഷെ, ആ അവ്യക്തരൂപം തിരിച്ചറിയാന്‍ എനിക്കതു മതിയായിരുന്നു. ഇതാ, ജീവിതത്തിലെ ഒരത്ഭുതം കൂടി ! എന്റെ സന്തോഷം അറിയിക്കാമായിരുന്ന അടുത്ത ബന്ധുക്കള്‍ ആ മുറിയില്‍ ഉണ്ടായിരുന്നിട്ടും ശീലക്കുറവുകൊണ്ട് ഞാനും മിണ്ടാതിരുന്നു. സ്വന്തം ഭര്‍ത്താവിനെ ആയിരാമത്തെ തവണ മറ്റാരോ വരച്ചത് ആ അമ്മ ഏറെ നേരം നോക്കിത്തീരുംവരെ ഞാന്‍ ശ്വാസമടക്കിയിരുന്നു. എന്റെ ഒരു ചിത്രം അത്തരമൊരു സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് അതാദ്യമായിരുന്നു.

കുറേ നാള്‍ കൂടി കഴിഞ്ഞ്, റോട്ടില്‍ വെച്ച് കണ്ടപ്പോള്‍ നവാബ് ഉറക്കെ വിളിച്ചു പറഞ്ഞു - ഞാനത് ആര്യ അന്തര്‍ജനത്തിന് സമര്‍പ്പിച്ചണ്ട് ട്ടൊ.

പരാജയപ്പെട്ടുപോയ ഒരു പത്രാധിപര്‍ എറിഞ്ഞു തന്ന കാരുണ്യം !

നവാബിനെ എനിക്കു വല്യ ഇഷ്ടമായിരുന്നു.

Friday, February 22, 2008

പുലി 109 : അജീഷ്

അജീഷ് പരമേശ്വരന്‍

അന്ന്.
ഞങ്ങള്‍ ക്ഷേത്രമോഷ്ടാക്കള്‍ ഇടനെഞ്ചില്‍ സൂക്ഷിക്കുന്ന ഒരു കറുത്തവാവിന്‍ നാള്‍. പ്രത്യേകിച്ച് പറയേണ്ടാത്ത രീതിയില്‍ കൂറ്റാക്കൂറ്റിരുട്ട്. സമ്പൂര്‍ണ നിശ്ശബ്തതയും കൂടെയുണ്ട്. എന്ന്വച്ചാല്‍, കാളികൂളിമാടമറുതകള്‍ ‘ബലേ ഭേഷ്, ചന്ദിരന്‍ കുഞ്ഞേ’ എന്ന് ആശംസിക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാംന്ന് പറഞ്ഞാലോ !
ഞാന്‍ പണി തുടങ്ങി. മലയാളികള്‍ക്കു മാത്രമുള്ള ക്ഷേത്രാ. ശിവനാണ് തല്‍ക്കാലം പ്രതിഷ്ഠ. ആനച്ചങ്ങലകൊണ്ട് വരിഞ്ഞുമുറുക്കിയ ഭണ്ഡാരത്തിന്മേല്‍ തിളങ്ങുന്ന ആമത്താഴ് തകര്‍ക്കാന്‍ കാളീഭക്തനായ ഞാന്‍ ‘കാവിലമ്മേ’ എന്നലറിക്കൊണ്ട് കരിങ്കല്ലുമായി പാഞ്ഞടുത്തതും ..... പിന്നില്‍നിന്നൊരലര്‍ച്ച:
“ തൊട്ടുപോകരുത് തടിയാപിള്ളെ ..%$%$##%^&@@@ * ”
അവസാനം കേട്ടത് മൌര്യന്‍ എന്നു തന്നെയല്ലെ. മൈ ഗോഡ് !!! എങ്കില്‍, എങ്കില്‍...
ഒരു സൂചന തന്നതായിരിക്കുമോ ?
ഇത്രയായിട്ടും ഞാന്‍ അപരനെ തിരിഞ്ഞുനോക്കാനുള്ള മോഹത്തിന്റെ ഫോളോ ത്രൂ വില്‍ ആയിട്ടേയുള്ളൂ, കേട്ടൊ. (തിരിയല്‍ എന്നും ഒരു വെല്ലുവിളീ ആയിരുന്നു. നാഡികളും രക്തോമൊക്കെ തലയില്‍നിന്ന് നേരെ ബാഡിയിലേയ്ക്ക് പ്രവേശിക്കുകയാണ്. കഴുത്തിന്റെ ഡിലേ വരില്ലല്ലൊ, മസ്തിസ്ക്കാക്ഷാഘാതമൊക്കെ വന്നാല്‍ പെട്ടെന്നറിയാലോ എന്നാണ് ഫാമിലി ഡോക്ടര്‍ പ്രോത്സാഹിപ്പിക്കാറുള്ളത്).
ങ്ഹാ, അപ്പൊ മൌര്യന്‍... പെട്ടെന്നുള്ള ഷോക്കു മാറി നോക്കുമ്പോണ്ട്രാ, ഇമ്മടെ മനസ്സ് ഒരു പത്തു പതിനേഴു നൂറ്റാണ്ട് പിറകോട്ടോടി ഒരിടത്ത് നിന്ന് എന്തൊക്കെയോ ഒറ്റയ്ക്ക് സംസ്കൃതത്തില്‍ പിറുപിറുത്തോണ്ടിരിക്യാണ്.
ഇപ്പൊ എല്ലാം വ്യക്തമായി. മൌര്യന്‍- 3ആം നൂറ്റാണ്ട് - സംസ്കൃതം- വിക്രമാദിത്യന്‍- കാളീദാ....

ഓഹോ, അപ്പൊ, എന്നെ പരൂഷിക്കാനായിരിക്കും.
പഴയ കഥയൊന്നോര്‍ത്തു. ‘അകത്താരാ ? അകത്തു ദാസന്‍. പുറത്തോ ? പുറത്ത്, സംശ്ശ്യെന്താ, കാളി, ഹല്ല പിന്നെ’. ഇതതു തന്നെ. അതിന്റെ റിപ്പീറ്റ് . ഇതു ഞാന്‍ കലകലക്കും. ചരിത്രം ആവര്‍ത്തിച്ചു കാണാന്‍ പാവം കാളിക്കും ആഗ്രഹണ്ടാവില്ലെ
നേരെ കേറി ചോദിച്ചു. മുമ്പിലാരാന്ന് ചോദിച്ചില്യല്ലോ, സാരല്യ. മുമ്പില്‍, ഞാന്‍ ദാസന്‍. പിമ്പിലോ ?
ഇനിയാണ് ആ നിര്‍ണായക മുഹൂര്‍ത്തം. ഒറിജിനല്‍ വോയ്സാ കേക്കാമ്പോണെ. ഡയലോഗ് മാറ്റിപ്പറയ്‌വോ, ഇനിയെങ്ങാനും ?!
പൊടി മിനുസം ഈണം കൂട്ടി, ഒന്നുകൂടി ചോദിച്ചു : പിന്നിലാരാ, കാള്യാ ?
ഒരലര്‍ച്ചയാണ് : അല്ലട, കഴു.... , പരമേശ്വരനാടാ$# &*^$#*&**@* എന്റെ സ്വന്തം ഭണ്ഡാരത്തിലിട്ടാണ്ട്രാ പണി ? ഓട്രാ‍ാ‍ാ‍ാ‍ാ‍ാ‍ാ ..!
ഞാന്‍ ഓടി. ബൈ ദ ബൈ, അതായിരുന്നു എന്റെ ആദ്യത്തേം ഒടുവിലത്തേം മോഷണശ്രമം.
( ഞാന്‍ ഓര്‍ക്കുട്ടുണ്ടാക്യപ്പോള്‍, മലയാളം ശീലിക്കൂന്നും പറഞ്ഞ് ഒരു കമ്മ്യൂണീറ്റീടെ പൊറത്തുകേറി പാഞ്ഞടുത്ത കക്ഷ്യാ ഈ അജീഷ് പരമേശ്വരന്‍. പുലി സീരീസ് തുടങ്ങും മുമ്പ് ഞാന്‍ ചുമ്മാ കരകുര വരച്ച പുള്ളി. അന്ന് ഈ ചങ്ങാതി ബ്ലോഗ്ഗര്‍ ആയിരുന്നോ ? ഏതായാലും, ആ ഓര്‍ക്കുട് പ്രൊഫൈല്‍‍ കോവിലില്‍‍‍ ഫോട്ടോഭണ്ഡാരം ഇന്നും നൂറ്റൊന്ന് ആമത്താഴിട്ട് പൂട്ടിക്കിടക്കുന്നതു കാണാം. )

Wednesday, February 20, 2008

പുലി 108 : ചുള്ളിക്കാലെ ബാബു

ബ്ലോഗ്ഗിങ്ങിലെ ഈയുള്ളവന്റെ സംഘകാലകൃതികളില്‍ പെടുത്താവുന്ന ഒരു പഹയനാണിത്. വിശാലം സീരീസില്‍ പെടാന്‍ യോഗമില്ലാതെപോയവന്‍. വല തപ്പിയപ്പൊ, എങ്ങനെയോ കൈയില്‍ തടഞ്ഞ ഒരു ഫോട്ടൊ. ഊര്, പേര് - ഒന്നും നിശ്ചയമില്ലായിരുന്നു. പ്രൊഫൈലുകളില്‍ നിന്ന് ഇ-മെയ്ല് തപ്പി, അറിയാത്ത പലരോടും ചോദിച്ചു. ഇത്രയും മലര്‍ന്ന കൈകള്‍ ഒരുമിച്ചു കാണുന്നത് അക്കാലത്തായിരുന്നു !
ഒറ്റ നോട്ടം വേണ്ട. അരോഗദൃഢഗാത്രന്‍, എല്ലുമുറിയെ പണീയാളന്‍, എന്നാലോ‍, ഗള്‍ഫ് പ്രവാസിയുടെ എല്ലാ അവശതകളും കൂളായി പേറുന്നവന്‍ - ഇതായിരുന്നു വിലയിരുത്തല്‍.
ഏതായാലും, വരച്ചുവെച്ചു. അപ്പര്‍ ബോഡി തുറസ്സാക്കി ഇട്ടു. ബനിയന്‍ ഇടീച്ചാപ്പോലും മസിള്‍കള്‍ സമ്മതിക്കില്ല. കീറിപ്പറിച്ചുകളയും. 2 മാസം മുമ്പ്, പ്രൊഫൈല്‍ തപ്പിയെടുത്തു. ആര്യനാട് ശിവശങ്കരന്‍ മോഡല്‍ നേരെ കക്ഷിക്കു തന്നെ അയച്ചുകൊടുത്തു. ഇപ്പോള്‍, നിങ്ങടെയൊക്കെ മുന്നില്‍, ടങ്ങ്സ്റ്റന്റെ ഹൈ ക്വാളിറ്റി ബന്യന്‍ ഇടീച്ചു നിര്‍ത്തിയിരിക്കയാണ്.
മെക്കിട്ടു കേറാന്‍ തോന്നുന്നൊ ?

Sunday, February 17, 2008

ആന 8 : മമ്മൂട്ടി

മാമലനാടിന്റെ നാനാദിക്കുകളില്‍നിന്നും ബ്ലോഗര്‍മാര്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അഹമഹമികയാ ബ്ലോഗുകയും ചെയ്യുന്നതു കണ്ട് എത്ര നാളാന്ന്വച്ചാ വെര്‍തേരിക്ക്യാ‍ ! അല്ലാ, എന്താപ്പൊ എഴ്ത്വാ ? ഊണേശ്വരത്തെ ധോണീസംവരണം തന്നെ ഫിനിഷ് ചെയ്യാമ്പറ്റീല്യ . മിസ്സ് ഭാവന ഇപ്പൊ തമിഴകത്താണു താനും. അങ്ങനേരിയ്ക്കുമ്പളാ, ഞങ്ങടെ കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മേന്‍ മോനായ്യെമ്മെല്ലേടെ ഫോണ്‍. ഒരു ലേഖനത്തിന് മൂന്ന് ക്യാരിക്കേച്ചര്‍ വേണം. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയായി, വക്കാണമായി. ഒടുവില്‍ സമ്മതിയ്ക്കേണ്ടിവന്നു. കിട്ടുന്നതില്‍ നന്ദി ഫിഫ്ടി: ഫിഫ്ടി. എന്താ ചെയ്യ. മഹാദാരിദ്ര്യമാണ്. ക്യാപ്പിറ്റലിസ്റ്റുകള്‍ക്കെന്തുമാവാമല്ലൊ !.


മൂന്നു കക്ഷികളില്‍ ഒരാളോടു മാത്രേ മിണ്ടീട്ടുള്ളൂ. ബാക്കി രണ്ടും വിശദീകരിക്കാനാവാത്ത സംഭവ ങ്ങളായി രേഖപ്പെടുത്തണം. അതിന്, ... പറഞ്ഞല്ലൊ, ... ഭാവന.... (ഇത്തിരി അമൃതാഞന്‍ പെരട്ട്യാ മതീന്ന്. മോന്റെ അള്‍ഷീമേഴ്സ് എല്ലാം മാറിക്കോളും , സംശ്യല്യ എന്ന് പൂജ്യ മാതാശ്രീ.)


മമ്മൂട്ടിയും എന്റെ സിദ്ധാണിയും ഒരു പോല്യാ. രണ്ടും മലന്നു കെടക്കണം, പക്ഷെ.

കക്ഷികള്‍ ഒറക്കം പിടിച്ചാ, നമ്മള് കാല്‍ക്കീഴില്‍ പതുങ്ങിയിരിക്കണം. ITI / ITC/Polytechnicഇലൊക്കെ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സ് പെട്ടെന്നു പോയി പാസ്സായി വന്നാല്‍ ഇനി പറയാന്‍ പോകുന്ന പ്രവൃത്തി തീര്‍ത്തും ആസ്വദിക്കാനാവും.

റോഡ് സര്‍വേക്കാര് പിള്ളേര്‍ തിയോഡലൈറ്റീക്കൂടെ നോക്കുന്നപോലെ, ഇപ്പൊ 120 ഡിഗ്രീ കോണില്‍ ചെരിഞ്ഞു കിടന്നുറങ്ങുന്ന കാല്‍ തള്ളവിരലുകള്‍ക്കിടയിലൂടെ നേരെ മുമ്പോട്ടു നോക്കുക. ഇതു ചെയ്യുമ്പോള്‍, ജീവനില്‍ കൊതിയുള്ളവര്‍ അസ്വസ്ഥരാവും. ആത്മഹത്യാ പ്രവണതയുള്ളവരാണെങ്കിലോ, പറയാനുമില്ല. ഏതാനും അടി ദൂരെ കാണുന്ന ആ രണ്ടു കറുകറുത്ത ഗുഹകളിലേയ്ക്കു നടന്നടുക്കാന്‍ തോന്നും. സുകൃതത്തില്‍ ഹരികുമാര്‍ ‘എന്നാ, ശരി പിന്നെ കാണാം’ ന്നും പറഞ്ഞ് നിഷ്ക്കളങ്കനായ മമ്മൂട്ട്യെ ഒരു ടണലിലേയ്ക്ക് പറഞ്ഞുവിടുന്നില്യെ. അതന്നെ.

എന്റെ മോന്റെ കാര്യം ഇതുവരെ ശരിയായിട്ടില്ല. 2.Pai.R ഫോര്‍മുലയനുസരിച്ച്, ഒരു 10 സെന്റിമീറ്ററില്‍ മിനുസം വരും ഒരൊറ്റ മൂക്കോട്ടയുടെ മാത്രം ചുറ്റളവ് എന്ന മിസ്റ്റര്‍. പരിവൃത്തം.

ആന 7 : ശ്രീനിവാസന്‍

ലോകസിനിമാരംഗത്തു തന്നെ എന്നേക്കാള്‍ പൊടി പൊക്കം കുറവുള്ള നാലഞ്ചു പേരില്‍ ഒരാളാണ് ഈ ശ്രീനിമാസന്‍ എന്ന് ആദ്യമേ തന്നെ സന്തോഷപൂര്‍വം രേഖപ്പെടുത്തിക്കൊള്ളട്ടെ. ആ അറിവിന്റെ ബലത്തിലാണ്, 17 കൊല്ലം മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് കവടിയാറിലെ ആപ്പീസിനു തൊട്ടടുത്ത ഷോപ്പിങ്ങ് കോമ്പ്ലെക്സില്‍ രാത്രി 2 മണിക്ക് ഷോട് റെഡിയാവുന്നതും കാത്ത് ഒരു തമിഴന്‍ ലോറിയുടെ മുമ്പില്‍ ചാരിനില്‍ക്കുന്നതു കണ്ട ഇദ്ദേഹത്തെ ഞന്‍ പിറകിലൂടെ സമീപിച്ചത്. ‘ഹല്ലല, ചേട്ടാ’ എന്നു തോളത്തു തട്ടാനായിരുന്നു മുന്നുദ്ദേശം.

ഞാന്‍ നടന്നടുക്കുകയാണ്. അടുത്തോണ്ടിരിക്കുണൂ. ഇതാ, അടുത്തു കഴിഞ്ഞൂ. പെട്ടെന്ന് …. ഭയങ്കരനൊരു അലര്‍ച്ചയാണ് – നിക്കവിടെ !$#@#^%#&$&&***??.

തിരിഞ്ഞുനോക്കി ശ്യാമളന്‍ ഒരൊറ്റ ഉപദേശം : നിങ്ങക്ക് വല്ല, പ്രകൃതി ചികിത്സയ്ക്കും പോയ്ക്കൂടേഷ്ടാ ? മനുഷ്യരെ, പേടിപ്പിക്കാന്‍ …

മരമായിപ്പോയ ഞാന്‍ വന്ന ദൂരം പിറകിലോട്ട് നടന്നു തീര്‍ക്കാന്‍ തീരുമാ‍നിച്ചില്ല, സി.ഐ.ഡി. ദാസന്‍ ഐസായി. “ഇനി വല്ലതും വേണെങ്കി, നമുക്കിടയിലുള്ള ഭൂമി സംഭാവനയായി തരാം.“

ഞാന്‍ ചോളിക്കണ്ണു വെച്ച് അളന്നു നോക്കി : മൈ ഗോഡ് ! കൃത്യം മൂന്നടി !

നൂറേ നൂറില്‍ ഓടി ഓഫീസ് മതിലിനു മുകളിലൂടെ നോക്കുമ്പൊ, അതാ മഹാബലി എന്നെ നോക്കി ഇളിക്കുന്നു !
***************
പിന്നെ, ആ ശബ്ദം കേള്‍ക്കുന്നത് 2 കൊല്ലം മുമ്പ്. ഫോണിലൂടെ ആ ചതഞ്ഞ പരുക്കന്‍ ശബ്ദം. നിങ്ങടെ ഫോണീന്ന് എന്റെ മൊബൈലിലേയ്ക്ക് ഒരു തെറിവിളി വന്നല്ലൊ.

മണ്ഡലക്കാലമാണ്, മറ്റൊരു വിളീ പണ്ടും പതിവില്ല, എന്ന് ചിരിയോടെ ഞാന്‍.

ബ്ലഡി ഫൂള്‍…

എന്ത് ? ഞാന്‍ ഈഗോവിനെ അഴിച്ചുവിട്ടു.

എന്നാണയാള്‍ വിളീച്ചത്…

അത്യപൂര്‍വമായ പ്രതികരണമാണ്. ഓഫീസില്‍ ആരും ചെയ്യില്ല. എങ്കിലും, എനിയ്ക്കാളെ മനസ്സിലായി..
കേസ്സുകളുടെ സ്ക്രൂട്ടിനിയുടെ തിരക്കിലാണ് എല്ലാരും. ആ ടെന്‍ഷനില്‍ ഇനി ആരെങ്കിലും എന്തെങ്കിലും…

അതിനും മറുപടിയ്ക്കും ഇടയ്ക്കുള്ള സമയം കൊണ്ട് പി.ടി.ഉഷ 2 മീറ്റര്‍ കവര്‍ ചെയ്തിട്ടുണ്ടാവില്ല.

“അപ്പൊ, ടെന്‍ഷന്‍ വന്നാല്‍ ഇങ്കം ടാക്സുകാര് ബ്ലഡി ഫൂള്‍ എന്ന് പിറുപിറുത്തുകൊണ്ടിരിക്കും അല്ലെ ?”.

അതാ വിന്റേജ് ശ്രീനിവാസന്‍ ! പക്ഷെ, എന്റെ റിഫ്ലെക്സ് ചിരി കേക്കാന്‍ അങ്ങേര് നിന്നില്ല.