Thursday, September 3, 2009

ചെറായി വരകള്‍- ഭാഗം 2 : എളുപ്പപ്പുലികള്‍

ഓണ്‍ലി കാര്‍ട്ടൂണുകള്‍ വരച്ച് വരച്ച് ചെറായി സ്മരണകളെ നാട്ടില്‍നിന്ന് ഓടിക്കുക എന്നാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. അങ്ങനെയിരിക്കെ, ഒരൂസം, ഏറ്റവും എളുപ്പത്തില്‍ വരയ്ക്കാവുന്ന മുഖങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്, ടി സംഭവം നിര്‍ഭാഗ്യവശാല്‍ ഇല്ലാതെപോയ ചെറായിവീരര്‍ക്ക് ഒരശ്രുപൂജ നടത്ത്യാലോന്നുള്ള ചിന്ത മിന്നലാക്രമണം നടത്തി. അടുത്ത ഒന്നര മണിക്കൂറില്‍ വരച്ച പടങ്ങളെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച് ‘ ചെറായി എളുപ്പപ്പുലികള്‍ ' എന്ന് നാമകരണോം ചെയ്തു.

ഇതിലുള്‍പ്പെടാത്തവര്‍ അടിയന്തിരമായി നിതാന്ത ദു:ഖത്തിലോ ഇനിയെന്നെ വഴിയില്‍ വെച്ച് കാണുമ്പോള്‍ അഗാധ മൌനത്തിലോ ആഴ്ന്നുപോകാനുള്ള സാദ്ധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ. മുന്‍കരുതല്‍ എടുത്താല്‍ രണ്ടു കൂട്ടര്‍ക്കും ഭാവി ശ്രേയസ്കരമായിരിക്കും. ഇത് ഫലം.

ചെറായി എളുപ്പപ്പുലി 1 : അപ്പൂട്ടന്‍
ആദ്യം അപ്പുക്കുട്ടന്‍ എന്ന തനിനാടന്‍ ബ്ലോഗനെത്തന്നെ അവതരിപ്പിക്കട്ടെ. വരയോ വര നടത്തുന്നതിനിടയ്ക് എപ്പോഴോ , കനമുള്ള ശബ്ദത്തിലെന്തോ പറഞ്ഞ്, അതോര്‍ത്ത് ഉള്ളു തുറന്നു ചിരിച്ചുകൊണ്ട് മെലിഞ്ഞ ഒരു അരോഗദൃഢഗാത്രന്‍ മുന്നില്‍ വന്നുനിന്നു. ‘ഇവനെ ഞാന്‍ കലക്കും’
എന്ന് അപ്പോഴേ തീരുമാനിച്ചതാണ്.

പരിയാരത്തെ , എന്റെ നാട്ടിലെ ഒരു പഴേ പരിചയക്കാരന്‍ -ഇപ്പോഴില്ല- കൊഞ്ഞന്‍ പരമേശ്വരന്‍ നായരെയാണ് പെട്ടെന്നോര്‍മ്മ വന്നത്. അങ്ങാടിയില്‍നിന്ന് വാങ്ങിച്ച മനോരമവാരികയുടേ പേജുകള്‍ താഴേയ്ക്കാക്കിപ്പിടിച്ച് വലതു കൈ ആട്ടിയാട്ടിവന്ന അടുക്കളക്കാരന്‍ പരമീശരന്നായര് കൊടുത്ത പുസ്തകം തുറന്നതും 80 കാരി കാര്‍ത്ത്യേന്യമ്മൂമ്മ ഞെട്ടിപ്പോയ കഥ അങ്ങാടിപ്പാട്ടായതാണ് . പേജ് 3-ഇല്‍ തുടങ്ങി 40-ഇല്‍ അവസാനിക്കുന്ന മഹത്തായ ഉള്ളടക്കം അലസഗമനത്തിനിടയില്‍ വാരികയുടെ പുറംചട്ടയില്‍നിന്നടര്‍ന്ന് മണ്ണോടുമണ്ണായ കഥ പാവം നായരറിഞ്ഞിരുന്നില്ല. ജീവന്‍ടോണിന്റെയും പോത്തിന്‍ ദ്രാവകത്തിന്റെയും പുരാതനപരസ്യങ്ങള്‍ക്കിടയില്‍ നാലോളം തുടര്‍ നോവലുകളും വിശദീകരികാനാവാത്ത സംഭവവും ഫലിതബിന്ദുക്കളും ആണ് ഒറ്റയടിക്ക് എന്നെന്നേക്കുമായി നഷ്ടമായത് ! അന്നു തന്നെ, പി. നായരെ നേരത്തോടുനേരം സര്‍വീസില്‍നിന്ന് ഡിസ്മിസ് ചെയ്തുത്തരവായിരുന്നു. പിന്നീട്, എന്നും പുലര്‍ച്ചെ അഞ്ചുമണിക്ക് പുഴയില്‍ കുളിക്കാന്‍ വരുന്ന പണ്ടാരത്തി മീനാക്ഷിയെ, ഒരു ദിവസം ഇരുട്ടില്‍ ഉണ്ടന്‍ പാറയുടെ കീഴില്‍ വെള്ളത്തില്‍ക്കിടന്ന് ശബ്ദായമാനമായ ഒരു പല്ലുതേപ്പിലൂടെ തുരത്തിയോടിച്ച ഒരു വീരകഥ മാത്രം അവിവാഹിതനായ നായരെപ്പറ്റി കേട്ടു. പിന്നെ, വര്‍ഷങ്ങള്‍ കഴിഞ്ഞ് ചര്‍മ്മരോഗം വന്ന് മരിക്കും വരെ നായര്‍ അനാഥനായിരുന്നു. ആ മനുഷ്യന് ധാരാളം സങ്കടങ്ങളുണ്ടായിരുന്നു, ആരും ഒന്നും കാര്യമായെടുത്തിരുന്നില്ല. ഈ വാവിന് ആരെങ്കിലും പരമേശ്വരന്‍ നായരെ ഓര്‍ത്തിരുന്നോ, ആവോ !

അങ്ങനെ ഒരു പാവം ഓര്‍മ്മ തന്നതിനാണ് അപ്പൂട്ടന് ഈ സിമ്പിള്‍ സമ്മാനം . സ്വീകരിച്ചാലും !

15 comments:

Cartoonist said...

പിന്നെ, വര്‍ഷങ്ങള്‍ കഴിഞ്ഞ് ചര്‍മ്മരോഗം വന്ന് മരിക്കും വരെ അനാഥനായിരുന്നു. ആ മനുഷ്യന് ധാരാളം സങ്കടങ്ങളുണ്ടായിരുന്നു, ആരും ഒന്നും കാര്യമായെടുത്തിരുന്നില്ല. ഈ വാവിന് ആരെങ്കിലും പരമേശ്വരന്‍ നായരെ ഓര്‍ത്തിരുന്നോ, ആവോ !

അങ്ങനെ ഒരു പാവം ഓര്‍മ്മ തന്നതിനാണ് അപ്പൂട്ടന് ഈ സിമ്പിള്‍ സമ്മാനം . സ്വീകരിച്ചാലും !

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
അപ്പൂട്ടന്‍ കലക്കി.
നായരും കലക്കി.
ആകെ കലക്കി കടൂവറത്തു.
;)

നിരക്ഷരൻ said...

എന്നാലും ന്റെ അപ്പൂട്ടാ എളുപ്പപ്പുലി നമ്പര്‍ വണ്ണേ :) കൊഞ്ഞന്‍ നായരുടെ കഥകൂടെ ആയപ്പൊള്‍ അപ്പൂട്ടന്‍ പുലി ആകെ കൊഴുത്തു :)

മാണിക്യം said...

അപ്പൂട്ടന്‍ ഉഗ്രന്‍!!
ഭാവസാന്ദ്രമായാവര..(ഇതു തന്നെയല്ലെ പറയണ്ടത് ) ഇനി ആ പേനതുമ്പില്‍ ആരോക്കെ ആണാവോ..?
:)
കേരള ഹ ഹ ഹ !
ചെറായ് ഹ ഹ ഹ !
ബൂലോക ഹ ഹ ഹ !

ഏറനാടന്‍ said...

അപ്പുക്കുട്ടാ.. തൊപ്പിക്കാരാ...
ഹിഹിഹി..കലകലക്കീസ്..

ബിന്ദു കെ പി said...

പരമേശ്വരന്നായര്..അല്ല്ലല്ല, അപ്പൂട്ടൻ.. തകർത്തു!
എളുപ്പപ്പുലികൾക്കു ശേഷം കടുപ്പപ്പുലികൾ സീരീസ് ഉണ്ടാവുമൊ സജ്ജീവേട്ടാ..?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അപ്പൂട്ടാ..ഒന്നും കൊണ്ടും ദു:ഖിക്കേണ്ടാ....ഈ സജ്ജീവേട്ടൻ അസൂയ കൊണ്ട് പറയുന്നതല്ലേ? ഇതു പോലെ ഒന്നു മെലിഞ്ഞു കിട്ടാൻ ഈ ജന്മത്തിൽ പുള്ളിക്ക് സാ‍ധിക്കുമോ?

എന്നാ‍ലും കലക്കി സജ്ജീവേട്ടാ..

keralafarmer said...

അല്ല ചെറായി മീറ്റിനുശേഷം തിരുവനന്തപുരത്തെത്തിയ അപ്പൂട്ടനെ പിന്നെ ബ്ലോഗുകളില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ആ ഓന്തുപോലത്തെ ബ്ലോഗറെ അതല്ലാത്ത ഈ വരക്കാരന്‍ വിരട്ടിയോ ആവോ.

ബഹുവ്രീഹി said...

എഴുത്തിലെ നായർ ബീഡി വലിക്കില്ല്യ.

ആ അലസഗമനവും പല്ലുതേപ്പും :)

എയ്തീതും നന്ന് വരഞ്ഞതും നന്ന്.

Unknown said...

:)

Appu Adyakshari said...

സജ്ജീവേട്ടാ, കലക്കന്‍ !!

ചാണക്യന്‍ said...

കൊട് കൈ..അപ്പൂട്ടൻ സൂപ്പർ....:)

ശ്രീ said...

:)

അപ്പൂട്ടൻ said...

അയ്യോ സജ്ജീവേട്ടാ.. ഞാനൊത്തിരി വൈകിപ്പോയല്ലൊ....ഇന്നാണിതുകണ്ടത്‌.
എളുപ്പപ്പുലികളുടെ ഇടയിൽ ആദ്യവര തന്നെ എന്നെക്കുറിച്ചാക്കിയതിനു നന്ദി. ഞാനൊരു പുലിയാണെന്ന് സജ്ജീവേട്ടനെങ്കിലും മനസിലാക്കിയല്ലൊ. മുതുകിലെ വളവിന്റെ ആംഗിൾ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയം!!!!!
എനിക്ക്‌ വരച്ചുതന്ന ക്യാരിക്കേച്ചർ കണ്ട്‌ എന്റെ മകൻ ആദ്യം പറഞ്ഞത്‌ "കുഞ്ഞ്യേ അച്ഛൻ" എന്നാണ്‌. ഒരു വള്ളിട്രസറും ഇടുവിച്ച്‌ എന്നെ ഒന്ന് സുന്ദരനാക്കിയല്ലൊ. ഇപ്പോഴെന്തായാലും എന്നെ ഒരു മദ്ധ്യവയസ്കൻ റോളിലേക്ക്‌ (പ്രായം അത്രയൊക്കെ ആയീ) എലിവേറ്റ്‌ ചെയ്തതിന്‌ സ്പെഷൽ നന്ദി.
ശബ്ദമുണ്ടാക്കി പല്ലുതേപ്പും ചർമ്മരോഗവും അവിവാഹിതപ്പട്ടവും എനിക്കില്ല :-) പറയത്തക്ക സങ്കടങ്ങളുമില്ല.

ശാരീരികമായി താങ്കളുടെ ഡയഗണലി ഓപ്പോസിറ്റ്‌ ആയ എന്റെ നന്ദിയും കടപ്പാടും സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ കൂട്ടുകാർക്ക്‌ ലിങ്ക്‌ അയച്ചുകൊടുത്തിട്ടുണ്ട്‌, അവരും മനസിലാക്കട്ടെ ഞാനൊരു പുലിയാണെന്ന്.

ഫാർമർ ചേട്ടാ...
ബ്ലോഗുകളിൽ ഞാനിപ്പോഴും ഉണ്ട്‌. അത്യാവശ്യം ചർച്ചകളിൽ പലരുടേയും മെക്കിട്ടുകയറുന്നുമുണ്ട്‌. ഓന്തല്ല, പുലിയാണെന്ന് സജ്ജീവേട്ടൻ പറഞ്ഞിട്ടുണ്ടല്ലൊ, അതുമതി.

അപ്പൂട്ടൻ said...

സജ്ജീവേട്ടാ...
എന്റെ വക ഒരു നന്ദിപ്രകടനം സമർപ്പിക്കുന്നു. വായിക്കുമെന്ന് വിശ്വസിക്കട്ടെ.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി