Saturday, November 8, 2008

നവംബറിലെ കൈപ്പള്ളി

കഴിഞ്ഞാഴ്ച്ച അതുല്യയുടെ എറണാകുളത്തെ വീട്ടില്‍ വെച്ചാണ് കൈപ്പള്ളിയുമായി ആദ്യമായി മുട്ടുന്നത്. ചെന്ന സമയം മുതല്‍ എം.ജീ. റോഡിലൊരിടത്ത് വെച്ച് ‘ഇനിയെങ്കിലും എന്റെ ഹീറോഹോണ്ടയില്‍നിന്നിറങ്ങിക്കൂടെ’ എന്നു ചോദിച്ചുതീരും വരെ, ആ രണ്ടു കണ്ണും (ചിത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കൂ) തുറുപ്പിച്ച് എന്റെ കഥ കഴിച്ചോണ്ടിരിക്യായിരുന്നു .
പടങ്ങള്‍ അനങ്ങുമെങ്കില്‍ അനിമേഷന്‍ ചിത്രമാക്കാമ്പറ്റ്വൊ എന്ന് നോക്കട്ടെ എന്ന് പിറുപിറുത്തുകൊണ്ട് ഈ ലേഖകന്റെ 256ഓളം പോസുകള്‍ ആശാന്‍ വീശിയെടുത്തു. ഇതിനിടയിലൂം കണ്ണുരുട്ടല്‍ തുടര്‍ന്നു. ഇടയ്ക്ക് , ബാല്‍ക്കണിയിലേയ്ക്ക് കുതിച്ചുപാഞ്ഞ് ആകാശത്തേയ്ക്ക് നോക്കി ആക്രോശിച്ചു. ഞാന്‍ ധാരാളം പരിഭ്രമിച്ച് ചുറ്റിനും പരതവെ അങ്ങകലെ അതാ രണ്ടു കണ്ണുകള്‍ ! അവ അതുല്യയുടേതത്രെ! ഞാനും അതുല്യയും - അഥവാ അതുല്യയും ഞാനും..... ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു.... ബൈ ദ ബൈ, നാല് തട്ട് കീഴ്ത്താടീള്ള എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ കീഴ്ത്താടി ഇനിയും സംഭവിക്കാനിരിക്കുന്ന ശ്രീമതിക്ക് ലജ്ജയൊ മറ്റൊ....

ഇഷ്യു ആക്കണ്ട, ഒന്നും ഇപ്പൊ മിണ്ടണ്ട എന്ന് , അഡിഷണല്‍ രണ്ടിടങ്ങാഴി അരി കൂടി അടുപ്പത്തിടുന്നതിനിടയില്‍ അതുല്യ . ഓരോ 16ക്ലിക്കിന് ശേഷവും രണ്ട് ദീര്‍ഘശ്വാസം, നാലു പുഷപ്സ് എന്ന കണക്കില്‍ കൈപ്പുള്ളി ഒറ്റയ്ക്കു മുന്നേറിക്കൊണ്ടിരുന്നു. അടുക്കളയില്‍ നിന്ന് പപ്പടഗന്ധം ഗന്ധിച്ചതോടെ‍ ആ കണ്ണുകള്‍ ... ആ കണ്ണുകള്‍ തീക്കുണ്ഠങ്ങളായ് മാറുകയായിരുന്നു. പരമ്പരാഗതമായി പപ്പടവിരോധികളാണ് അറബികളായ തങ്ങളെന്ന് പഴഞ്ചാടിയൊരു താളിയോല പുറത്തെടുത്ത് കൈപ്പ്സ് ചീറി.

മനസ്സുകൊണ്ട് രണ്ട് ചെമ്പരത്തിപ്പൂവുകള്‍ ഈ ഭക്തന്‍ ആ മൂര്‍ത്തിയുടെ ഇരുചെവികളും ലാക്കാക്കി എറിഞ്ഞു. ഒരു നാപ്പതെണ്ണം ക്ഷാമകാലത്തേയ്ക്ക് എറിയാന്‍ വെച്ചു.

അയലത്തെ മതിലിന്മേല്‍ വിളഞ്ഞുവളര്‍ന്നിരുന്ന പാവം പച്ചപ്പായലിനെ അമ്മിക്കല്‍ച്ചമ്മന്തിയാക്കി ഒരു ചിരട്ടയില്‍ വിളമ്പി മുന്നില്‍ക്കൊണ്ടു വെച്ചതായിരുന്നു കൈപ്പള്ളീതാഡനം ആട്ടക്കഥയിലെ ഒരേയൊരു വെരൈറ്റി മുദ്ര. ടി ചമ്മന്തീം കമ്മ്യൂണീസ്റ്റ് പച്ച ലീഡ് ചെയ്ത പത്തിലക്കറിയും ചോറില്‍ മുക്കി ആക്രമാസക്തമായി ഇല്ല്യാണ്ടാക്കി കൃത്യം മൂന്നു മണിക്കൂറിനകം ഞാന്‍ നന്ദിനിപ്പശു കണക്കെ അയവെട്ടാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കൃത്യം ഇപ്പോഴും തുടരുന്നു. (ചിത്രം: പത്തു ദിവസം പഴക്കമുള്ള പത്തിലക്കറി ഈയുള്ളവന്‍ കമ്പ്ലീറ്റ് ഫിനിഷ് ചെയ്യുന്നതു കണ്ടുകൊണ്ടിരുന്ന അതുല്യയും അപ്പുവും കൂട്ടുകാരും നെടുവീര്‍പ്പുകള്‍ വിട്ട് ആഹ്ലാദിക്കുന്നു.)

മടങ്ങും മുമ്പ് ഭീകരന്‍ മൂന്നു ക്രൂരകൃത്യങ്ങള്‍ ചെയ്തു :

1. കേരള എത്തീസ്റ്റ് അക്കാദമിയുടെ എറണാകുളം സിക്രട്ടറിയാക്കി
എന്നെ അരിയിട്ടു വാഴിച്ചു.

2. ഞാനാണ് ‍ ‘മരമാക്രി ’ യെന്ന് എന്നെക്കൊണ്ട് വിശ്വസിപ്പിച്ചു.

3. ബൈക്കില്‍ ചീറിപ്പായുന്നതായി ഭാവിക്കുമ്പോള്‍, റിയര്‍ വ്യൂ മിററിലൂടെ ( 44 കൊല്ലമായി കഴുത്ത് എനിക്ക് അനുഭവപ്പെട്ടിട്ടില്ല), “ എന്തായിരുനു ബാല്‍ക്കണീയില്‍ വെച്ച് പാവം ആകാശവുമായി ഇടപാട് ” എന്ന് ചോദിച്ചതും ബഹളം വെച്ചു. ബഹളം കേട്ടതും സാത്വികനായ എന്റെ ബൈക്ക് എന്നെന്നേയ്ക്കുമായി നിന്നു. പിന്നൊരു ഡയലോഗായിരുന്നു. എടുത്തെഴുതാം.. താഴെ നോക്കുന്നതുകൊണ്ട് വിരോധമുണ്ടൊ ?

കൈപ്പ്സ്: നിങ്ങള് ചന്ദ്രയാനില്‍ വിശ്വസിക്കുന്നുണ്ടൊ ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ?

ഞാന്‍: ഉണ്ടെന്നു വിശ്വസിക്യല്ലെ നല്ലത് ? വെറുതേ നല്ലോരു ദിവസായിട്ട്...

കൈപ്പ്സ്: അല്‍ ചന്ദ്രന്‍, ചന്ദ്രയാന്‍ ഇവയ്ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ നാസ നിങ്ങളോടാവശ്യപ്പെട്ടാല്‍...?

ഞാന്‍ ചന്ദ്രേട്ടന്റെ പര്യായങ്ങളോക്കെ ഒന്ന് ഓര്‍മ്മയില്‍ പരതി നോക്കി. ഭാഗ്യം, എല്ലാം ഇന്‍-ടാക്ട് ആണ്. ഒരു ധൈര്യോക്കെ കിട്ടി. ഒറ്റക്കാച്ചാ കാച്ചി -

ഞാന്‍: ഐ വില്ല് വോട് ഫോര്‍ ചന്ദ്രാ..

കൈപ്പ്സ്: ദി ചന്ദ്രാ എന്നു വേണം

ഞാന്‍: ഐ വില്ല് വോട് ഫോര്‍ ദി ചന്ദ്രാ..

കൈപ്പ്സ്: എങ്കില്‍, ചന്ദ്രയാനെ കൊന്ന് കവിതയെഴുത്

ഞാന്‍: ഞങ്ങള്‍ പരമ്പരാഗതമായി കാര്‍ട്ടൂണിസ്റ്റുകളാണല്ലൊ... വേണമെങ്കില്‍ ചുള്ളിക്കാടിന്നെ വിളിക്കാം, ലോക്കലാണ്, കൂടാതെ ബുദ്ധിസ്റ്റുമാണല്ലൊ, ചന്ദ്രനായാലെന്ത് ചന്ദ്രയാനായാലെന്ത്... 2 മിനിറ്റില്‍ കവിയാതെ കവപ്പിക്കാവുന്നതേയുള്ളൂ..

ഇനിയാണ് കൈപ്പള്ളിയെന്ന ഭീകരന്റെ തനിനിറം വെളിവാവുന്നത്. പാവം

എന്നെക്കൊണ്ട്, ബൈക്കിലിരുത്തിക്കൊണ്ട് തന്നെ ചന്ദ്രയാനെതിരെ കവിതയെഴുതിപ്പിച്ചതോ പോരാഞ്ഞ് ... നട്ടുച്ചയ്ക്ക് ആകാശത്തേയ്ക്കു നോക്കി യൂറാനസ്സും നെപ്റ്റ്യൂണും പ്ലൂട്ടൊയും തെളിഞ്ഞു കാണാം എന്ന് നാട്ടുകാര്‍ കേള്‍ക്കെ പറയിപ്പിക്യേം ചെയ്തു.

ഒന്നും മറക്കുന്നവനല്ല ഈ ഞാന്‍.. ഷുബര്‍...

ഛായ : മങ്കട നിഷാദ് വര്‍മ്മ

17 comments:

Cartoonist said...

മടങ്ങും മുമ്പ് ഭീകരന്‍ രണ്ടു ക്രൂരകൃത്യങ്ങള്‍ ചെയ്തു :
1. കേരള എത്തീസ്റ്റ് അക്കാദമിയുടെ എറണാകുളം സിക്രട്ടറിയാക്കി
എന്നെ അരിയിട്ടു വാഴിച്ചു.

2. ഞാനാണ് ‍ ‘മരമാക്രി ’ യെന്ന് എന്നെക്കൊണ്ട് വിശ്വസിപ്പിച്ചു.

ഒന്നും മറക്കുന്നവനല്ല ഈ ഞാന്‍.. ഷുബര്‍...

പ്രയാസി said...

ഇപ്പം എല്ലാം ക്ലിയറായി..വ്യക്തമായി..:)

ബാജി ഓടംവേലി said...

‘മരമാക്രി ’ :) :) ?

Cartoonist said...

ബൈക്കില്‍ ചീറിപ്പായുന്നതായി ഭാവിക്കുമ്പോള്‍, റിയര്‍ വ്യൂ മിററിലൂടെ ( 44 കൊല്ലമായി കഴുത്ത് എനിക്ക് അനുഭവപ്പെട്ടിട്ടില്ല), “ എന്തായിരുനു ബാല്‍ക്കണീയില്‍ വെച്ച് പാവം ആകാശവുമായി ഇടപാട് ” എന്ന് ചോദിച്ചതും കൈപ്പള്ളി ബഹളം വെച്ചു. ബഹളം കേട്ടതും സാത്വികനായ എന്റെ ബൈക്ക് എന്നെന്നേയ്ക്കുമായി നിന്നു.

പിന്നൊരു ഡയലോഗായിരുന്നു.

അതുല്യ said...

ചുറ്റും കൂടി നിന്ന് ആര്‍പ്പ് വിളിച്ച പെപതങ്ങളെ പറ്റി ഒന്നും എഴുതി കണ്ടില്ലല്ലോ മഹാനുഭാവലു? ഒടിഞ എന്റെ കസേരയേ പറ്റി? വളഞ കോണിപ്പടികളില്‍ ഒളിഞിരുന്ന ഭീഷണിയേ പറ്റി? രണ്ട് പേരും വിരുന്നെത്തി ചമ്മന്തീം കമ്മ്യൂണിസ്റ്റ് പച്ചേം പച്ചവള്ളോം (അല്പം മുളകിട്ട് ഉപ്പും ഇട്ടത്) ഒക്കെ കുടിച്ചതിനു ഒരു പാടി നന്ദിനി പശു അങോട്ടും.

ധൂമകേതു said...

കലക്കി അണ്ണോ... അടുത്തതിനി ആരാണാവോ?

Kaithamullu said...

കൈപ്പള്ളിയാ‍യതോണ്ട് ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂവെന്ന് ആശ്വസിക്കുന്നു. (മറ്റൊരെങ്കിലുമായിരുന്നെങ്കി ഇതെഴുതാന്‍ ബാക്കി കാണില്ലാ‍യിരുന്നൂ!!)

Ziya said...

കണ്ണുതുറുപ്പിക്കും പൈതങ്ങളേ...! (ബെസ്റ്റ് ..ഒരലും മദ്ദളവും)
കഴിക്കാനറിയാത്ത,
ഒടക്കാനറിയാത്ത,
വരയന്‍ പുലിമക്കളേ....

ഉപാസന || Upasana said...

മരമാക്രിക്കേസ് അങ്ങ്നെ തെളിഞ്ഞു
:-)

മാണിക്യം said...

കൈപ്പള്ളി!!
അസ്സല്‍ ആയി!

:: VM :: said...

Superb narration sir!

I really enjoyed readig it

Kiranz..!! said...

ഹഠാദാകര്‍ഷിച്ചു :)
പ്രത്യേകിച്ചും കൈപ്പള്ളി അണ്ണന്‍ സ‌ര്‍വേ അളക്കുന്ന രംഗം :)

absolute_void(); said...

അതു ശരി. അപ്പോള്‍ അവിടാരുന്നല്ലേ ക്യാമ്പു്? കൈപ്പള്ളി കൊച്ചിയില്‍ കപ്പലിറങ്ങുന്ന കാര്യം എന്നോടു് പറഞ്ഞിരുന്നു. തലേന്നു് നമ്പരും വാങ്ങി. വിളിക്കുമെന്നു് പറഞ്ഞതനുസരിച്ചു് ഞാന്‍ ഇന്നു് കൈപ്പള്ളിയെ കാണാം എന്നു ഗൂഗിളില്‍ സ്റ്റാറ്റസ് മെസേജുമിട്ടു് കാത്തിരുന്നു. വൈകിട്ടായപ്പം സ്റ്റാറ്റസ് മാറ്റി. കൈപ്പള്ളി മറന്നുപോയീന്നു തോന്നുന്നു എന്നാക്കി. ഞാന്‍ ദുബായിലെത്തിയോന്നായി സിയയ്ക്കു് സംശയം. പോയ ആളെ പിന്നെ കാണുന്നതു് ദേ, ഇവിടെയാ. സമാധാനം. ആളു ജീവനോടെയുണ്ടല്ലോ!

Pongummoodan said...

സഞ്ജിവേട്ടാ,

വരയാണോ വിവരണമാണോ കൂടുതൽ ചിരിപ്പിച്ചതെന്നേ സംശയമുള്ളു :)

Dinkan-ഡിങ്കന്‍ said...

:)

മുസാഫിര്‍ said...

ഇപ്പഴും ഒരു പൊഹ പോലെയെ മനസ്സിലാ‍യുള്ളു.ഇനി കൈപ്പള്ളിയുടെ വേര്‍ഷന്‍ കൂ‍ടി ഉണ്ടാവുമല്ലേ ?

മഴത്തുള്ളി said...

“പടങ്ങള്‍ അനങ്ങുമെങ്കില്‍ അനിമേഷന്‍ ചിത്രമാക്കാമ്പറ്റ്വൊ എന്ന് നോക്കട്ടെ എന്ന് പിറുപിറുത്തുകൊണ്ട് ഈ ലേഖകന്റെ 256ഓളം പോസുകള്‍ ആശാന്‍ വീശിയെടുത്തു.“

ഹിഹി.. ഈ പാരക്കൊരു മറുപാര ഉടനെ വരും.

ഇനി അടുത്ത വരവിന് ‘അരൂപി’ ആണെന്ന് വിശ്വസിപ്പിക്കും :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി