Sunday, October 7, 2007

പുലി 000 : സണ്ണിമാഷ്

(ഈയൊരാള്‍ ബ്ലോഗ്ഗറായിരുന്നെങ്കില്‍, അയാള്‍‍ പുലിയായിത്തീര്‍ന്നിരുന്നെങ്കില്‍ . . . . . ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചുപോകുന്നു. എനിയ്ക്കു മറ്റൊരു വേദിയില്ലാത്തതുകൊണ്‍ട് ഇയാളെ ഞാന്‍ ഇവിടെ അവതരിപ്പിയ്ക്കുന്നു.‍ )

ഇന്ന് രംഗത്ത് സജീവരായ, കേരളത്തിലെ മദ്ധ്യവയസ്ക്ക കാര്‍ട്ടൂണിസ്റ്റുകളീല്‍ ഒരുപക്ഷെ ഒരിയ്ക്കല്‍ ഏറ്റവും അധികം തിരസ്കൃതനായിരുന്ന ഒരാളാണ് ഇതെഴുതുന്നത്. പക്ഷെ, ഇപ്പോള്‍, ഇതാ, ഇവിടെ, ഈ മാദ്ധ്യമത്തില്‍ എനിയ്ക്കു ഇടയ്ക്കിടെ ‘ഹല’ പറഞ്ഞുകൊണ്ട് ദൂരെനിന്നുള്ള കുറേപേര്‍ അത്ഭുതപ്പെടുത്തിക്കൊണ്ടേയിര്യ്ക്കുന്നു ! ഈ ബ്ലോഗ് എനിയ്ക്ക് സന്തോഷവും അത്ഭുതവും പ്രകടിപ്പിയ്ക്കാനുള്ളതാണ്.

ലളിതകലാ അക്കാദമി അംഗീകരിയ്ക്കാത്ത, ആരില്‍നിന്നും ഒരഭിനന്ദനവും കിട്ടാത്ത, കലാകാരന്മാരിലെ ഒരുപജാതിയാണ് ഇന്‍ഡ്യയിലെ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുകള്‍. നൂറുകണക്കിന് കാര്‍ട്ടൂണിസ്റ്റുകള്‍ ഈ രാജ്യത്തെ എല്ലാ മൂലകളിലും ചിതറിക്കിടക്കുന്നുണ്ട് - വേണ്ടത്ര മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിയ്ക്കാതെ, പുതിയ ശൈലികളെക്കുറിച്ച് ഒന്നുമറിയാതെ, ദിശാബോധം നഷ്ടപ്പെട്ട്... യുവജനോത്സവമത്സരമുറികളില്‍ വിളര്‍ത്ത്, അധീരമായ ചലനങ്ങളുള്ള, ബോധപൂര്‍വം പകിട്ടില്ലാത്ത കുപ്പായങ്ങള്‍ അണിഞ്ഞ കാര്‍ട്ടൂണ്‍ മത്സരാര്‍ഥികളെ ഇന്നും കാണാം. ആ മുഖങ്ങളെ‍ എനിയ്ക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്.

ആ ദൈന്യത എനിയ്ക്കുമുണ്ടായിരുന്നു. പക്ഷെ, അവയ്ക്ക് എന്നെ കീഴ്പ്പെടുത്താനായില്ല. ഈശ്വരതുല്യരായ മൂന്നുപേരുടെ കനിവ്, അവരില്‍ത്തന്നെ രണ്ടുപേരുടെ കണ്ണീരും, കാത്തിരിപ്പും മന്ത്രകവചങ്ങളായി എന്നെ ചൂഴ്ന്നു നിന്നിരിയ്ക്കണം. നല്ല സമയത്തുതന്നെ(12ആം വയസ്സില്‍) അന്ന് തെന്നിന്‍ഡ്യയിലെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണ്‍ ഗുരുവായ എന്റെ ഏക ഗുരുനാഥന്‍ ശ്രീ ശന്തനുവിന്റെ തപാല്‍പ്പാഠങ്ങള്‍ എന്നിലേയ്ക്കെത്തിച്ച, പഴഞ്ചാടി തറവാടിന്റെ മഞ്ഞച്ചുവരുകളില്‍ കരികൊണ്ട് ചിത്രം വരയ്ക്കാന്‍ എന്നെ സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ച, ഇന്ന് കൂടെയില്ലാത്ത അച്ഛന്‍, എന്റെ ഏതു മോശം വരയും ‘അസ്സലായി’ എന്നു മാത്രം പറഞ്ഞ് എന്നെ സങ്കടപ്പെടുത്താതിരിയ്ക്കാന്‍ ഇപ്പോഴും ശ്രദ്ധിയ്ക്കുന്ന അമ്മ, ഞാനിന്നോളം കണ്ടിട്ടില്ലാത്ത, അന്ധനായിപ്പോയി എന്നു കേള്‍ക്കുന്ന എന്റെ ഗുരുനാഥന്‍. ഇത് അവര്‍ക്കുള്ള അശ്രുപൂജയല്ല. അത് ഉള്ളിലെ നീറ്റലാണ്.

പിന്നെയും പലരുമുണ്ട്. കാറ്റില്‍ പറന്നുപോയ എന്റെ കടലാസ്സിനെ എത്തിപ്പിടിച്ച് കൊണ്ടുത്തന്നവര്‍. ഞാന്‍ ധൃതിയില്‍ വരയ്ക്കുന്നത് നിശ്ശബ്ദരായി നോക്കിനില്‍ക്കാറുള്ളവര്‍. ഒരഭിപ്രായം പറയാന്‍ അവര്‍ക്കു മടിയായിരുന്നു.

സണ്ണി അവരിലൊരാളാണ്..... ഇന്റെര്‍നെറ്റിലെ എന്റെ തീരെ ചെറിയ മുന്നേറ്റങ്ങള്‍ പോലും മിണ്ടാതിരുന്നു കേള്‍ക്കുന്ന ചങ്ങാതി !

1983-85 കാലത്തെ കോതമംഗലം-തിരുവനന്തപുരം-എറണാകുളം ക്യാമ്പുകള്‍ കണ്ടുകഴിഞ്ഞ ലഹരി, ഉന്മത്തത മാഞ്ഞിരുന്നില്ല. പുഴക്കരയില്‍ മലര്‍ന്നുകിടന്ന് മേഘപ്പഞ്ഞികളിലും, സന്ധ്യാകാശത്തിനെതിരെ വൃക്ഷത്തലപ്പുകളീലും, വീട്ടിലെ പഴയ ചുവരുകളിലെ പാടുകളിലും നേതാക്കളുടെ മുഖങ്ങള്‍ ഒളിഞ്ഞിരിയ്ക്കുന്നത് ഞൊടിയിടയില്‍ തനിയ്ക്കും കണ്ടുപിടിയ്ക്കാനാവുന്നല്ലോ എന്ന ഹുങ്ക്, പൊതുവേ ലജ്ജാലുവായ ഞാന്‍ രഹസ്യമാക്കി വെച്ചു.

എന്തുകൊണ്ടൊക്കെയോ, ജീവിതം പ്രതിസന്ധിയിലായിക്കഴിഞ്ഞിരുന്നു. ഒന്നോര്‍ത്താല്‍, ശരീരത്തിന്റെ സുഖല്യായ്കകള്‍ തന്ന കൌമാരകാലത്തെ തീക്ഷ്ണമായ സംഘര്‍ഷങ്ങള്‍ ജന്മനാ ‘സുമോ’യും വീട്ടിലൊറ്റക്കുട്ടിയുമായ എന്നെ എന്നേയ്ക്കും സങ്കടപ്പെടുത്തിയേനെ, ഈ വലതു കൈയില്‍ വീണു കിട്ടിയ വിരുതില്ലായിരുന്നെങ്കില്‍. വരയാണ് ആകെ കിട്ടിയ വരം എന്നായിരുന്നു തോന്നല്‍ - ഇപ്പോഴും‍ കുറച്ചൊക്കെ അങ്ങനെത്തന്നെ. വിശപ്പനുഭവിപ്പിയ്ക്കാതെ, മരുന്നു വേണ്ടാതെ, ആയുസ്സോടെ രസിയ്ക്കാന്‍ അനുവദിച്ച ജീവന്റെ കാരുണ്യം കണ്ടില്ലെന്നു നടിച്ചു.

പിന്നെ, കുറെക്കാലം വരയുടെ ഒരാഘോഷമായിരുന്നു. എന്റെ തന്നെ കൈപ്പടയിലെഴുതിയ നീളന്‍ കവറുകള്‍ വീടിന്റെ വരാന്തയില്‍ വീണുകിടക്കുന്നത് പതിവായതിനു ശേഷവും, പക്ഷെ, ചാലക്കുടിയിലെ സുഹൃത്തുക്കളായ ഏതാനും പാവപ്പെട്ടവരുടെ പെട്ടിക്കടകളില്‍ തൂങ്ങുന്ന ഇഷ്ടവാരികകള്‍ ഒന്നും അന്നോളം തന്റെ ഭാവനയ്ക്ക് ഒരു ഇടവും തന്നില്ലല്ലോ എന്ന ഞെട്ടലോടെയുള്ള തിരിച്ചറിവുണ്ടാകുന്നതുവരെ മാത്രം. ഒന്നും തെളിയിയ്ക്കാനാവുന്നില്ലല്ലോ എന്ന വിചാരത്തോടെ ഞാനെന്നും ഉണരുകയും കൂടുതല്‍ അധീരതയോടെ ഉറങ്ങാന്‍ കിടക്കുകയും ചെയ്തുപോന്ന ആ നാളുകളിലാണ് സണ്ണിമാഷെ പരിചയപ്പെടുന്നത്...

സ്ഥലം സ്കൂളീലെ ഡ്രോയിങ്ങ് മാഷായിക്കഴിഞ്ഞിരുന്നില്ല അന്നവന്‍. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ഡിപ്ലോമയുണ്ട്. പിന്നെ, എന്നെ കൌതുകപ്പെടുത്താന്‍ മാത്രം ഊശാന്‍ താടി, തോള്‍ സഞ്ചി, അലസഗമനം. ജസ്റ്റ് ഇനഫ്.

പരിചയപ്പെട്ട ആദ്യ ദിവസം തന്നെ കൂടുതല്‍ പട്ടണഞ്നാനമുള്ള സണ്ണി ഒരു അത്ഭുത അറിവു പകര്‍ന്നുതന്നു.“ഇപ്പൊ, ഫൌണ്ടിങ്ക് എന്നൊരു സാനം വന്നിട്ട്ണ്ട്. പേനമഷി പോലെ ഒഴിച്ചെഴുതാം.”

ഞാന്‍ കോരിത്തരിച്ചു. പഠിപ്പു നിര്‍ത്തിയതിനു ശേഷം ഞാനിത്രയും സന്തോഷിച്ച മറ്റൊരു മുഹൂര്‍ത്തമില്ല. യൂണീവേഴ്സിറ്റി കലോത്സവസമ്മാനങ്ങളുണ്ടായിരുന്നു. 1988-ഇല്‍ ആലുവായിലെ ഒരു സംഘടന തന്ന പ്രഥമ ജോണ്‍ എബ്രഹാം കാര്‍ട്ടൂണ്‍ പുരസ്കാരമുണ്ടായിരുന്നു. തമാശക്കാരന്‍ അച്ഛന്റെ തമാശക്കാരന്‍ മകന്റെ നിമിഷസൂത്രവരകളില്‍ മയങ്ങിനിന്നിരുന്ന ബന്ധുവീടുകളിലെ കൌമാരക്കാരികളുണ്ടായിരുന്നു. ഇല്ല, ഒന്നും അതിനൊപ്പമെത്തില്ല.

കാരണം, അതെനിയ്ക്ക് നിത്യമായ മോചനവാഗ്ദാനമായിരുന്നു. ഇന്‍ഡ്യനിങ്കിന്റെ മോഹിപ്പിയ്ക്കുന്ന തരിതരിയന്‍ റ്റെക്സ്ച്ചറിനൊപ്പം നില്‍ക്കാന്‍ എന്റെ നിബ്ബുപേനകള്‍ക്കാവുമായിരുന്നില്ല. അങ്ങനെ, ഭാവനയിലുള്ളത് വല്ലാതെ മഷിപുരണ്ട് കടലാസ്സില്‍ വീണുകൊണ്ടേയിരുന്നു.

ക്ഷാമകാലത്തേയ്ക്ക് കരുതിവെച്ചിരുന്ന ഇന്‍ഡ്യനിങ്ക് കുപ്പികള്‍ കണ്മഷിപ്രായമെത്തുമ്പോഴേയ്ക്ക് ഒരു ഡസന്‍ ഫൌണ്ടിങ്ക് കുപ്പികളെങ്കിലും കാലിയായിരുന്നിരിയ്ക്കണം. എന്തിനും ഈ അത്ഭുത മഷിയെ ഉപയോഗപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഫൌണ്ടിങ്ക് പരിചയപ്പെടുത്തലുകള്‍, ഫൌണ്ടിങ്ക് ചര്‍ച്ചകള്‍, ഫൌണ്ടിങ്ക് ഭാവനാസവാരികള്‍ !


ഇവിടെയിരുന്നു നോക്കുമ്പോള്‍ അലമാരയിലെ ഇരുട്ടുമൂലയില്‍ രണ്ടു കൊച്ചു കുപ്പികളുടെ മങ്ങിയ തിളക്കം‍. കരിഞ്ഞ താളുകളുടെ പൊടിഞ്ഞ തുണ്ടുകള്‍ പോലെ, നിശ്ചലമായ കറുത്ത തിരമാലകള്‍ തീര്‍ത്ത് ഒരു മിനിയേച്ചര്‍ ടാബ്ലോ. അതിനു കീഴില്‍ എന്റെ കൌമാരത്തോളം പഴക്കമുള്ള ഏതോ കറുകറുത്ത ദ്രാവകം കെട്ടിക്കിടക്കുന്നു ! പതിയെ, ആ ഇരുട്ടില്‍നിന്ന് ക്ലാസ്സുമുറിയിലെ ശരാശരിക്കുട്ടികള്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന, ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന വിളി കേള്‍ക്കാന്‍ എന്നും ആഗ്രഹിച്ച ഒരു കറുത്തു കുറിയ രൂപം പയ്യെ തെളിഞ്ഞുവരുന്നു.

അപ്പോഴൊക്കെ സണ്ണിമാഷ് എവിടെയായിരുന്നു ? വര്‍ഷങ്ങള്‍ കഴിഞ്ഞ് എപ്പോഴോ പറഞ്ഞു. ‘ശാലോം’ മുതലായ ചില ക്രിസ്തീയ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി വരച്ചിരുന്നു. ശൈലിയില്‍ ഞാനായിരുന്നത്രെ ശക്തമായ പ്രേരണ. പക്ഷെ, അഭിമാനിയായിരുന്നതുകൊണ്ട് അപൂര്‍വം മാത്രമേ എന്റെ അഭിപ്രായം ചോദിച്ചിരുന്നുള്ളൂ. ഉള്ളില്‍ എന്തോ ചില പാവം സങ്കോചങ്ങളുണ്ടായിരുന്നു . എന്നാലും. ഒന്നും എന്നോട് പറഞ്ഞില്ല. അവനെ സഹായിയ്ക്കണമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. നടന്നില്ല.

ചിത്രങ്ങള്‍ എന്നെ കാണിയ്ക്കുമായിരുന്നു. ഫൈന്‍ ആര്‍ട്സ് സ്കൂളിന്റെ സ്വാധീനം തോന്നും. മാഷ്ക്ക് ഒരു ഇല്ലസ്ട്രേറ്ററുടെ മനസ്സായിരുന്നു. കാര്‍ട്ടൂണ്‍ ഒരിയ്ക്കലും വഴങ്ങിയിരുന്നില്ല. ഞാനതു പറഞില്ല. പക്ഷെ, സണ്ണിയ്ക്ക് അവകാശവാദങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്കൂളില്‍, അനായാസമായി കുട്ടികളുടെ പ്രിയങ്കരനായി തുടര്‍ന്നുപോന്നു മാഷ്.


ഇതെഴുതുമ്പോള്‍ മാഷില്ല. ഇക്കൊല്ലത്തെ സ്കൂള്‍ തുറപ്പിന്റെ തലേന്ന് ഹൃദയാഘാതം മൂലം ഒരാശുപത്രിയില്‍ വെച്ച് മരിച്ചു. 47 കൊല്ലത്തെ ഒരു ചെറു ജീവിതം തീര്‍ന്നു.
..............................................................

47 comments:

Cartoonist said...

ഞാന്‍ കോരിത്തരിച്ചു. പഠിപ്പു നിര്‍ത്തിയതിനു ശേഷം ഞാനിത്രയും സന്തോഷിച്ച മറ്റൊരു മുഹൂര്‍ത്തമില്ല. യൂണീവേഴ്സിറ്റി കലോത്സവസമ്മാനങ്ങളുണ്ടായിരുന്നു. 1988-ഇല്‍ ആലുവായിലെ ഒരു സംഘടന തന്ന പ്രഥമ ജോണ്‍ എബ്രഹാം കര്‍ട്ടൂണ്‍ പുരസ്കാരമുണ്ടായിരുന്നു. തമാശക്കാരന്‍ അച്ഛന്റെ തമാശക്കാരന്‍ മകന്റെ നിമിഷസൂത്രവരകളില്‍ മയങ്ങിനിന്നിരുന്ന ബന്ധുവീടുകളിലെ കൌമാരക്കാരികളുണ്ടായിരുന്നു. ഇല്ല, ഒന്നും അതിനൊപ്പമെത്തില്ല.

KuttanMenon said...

ഗുരു പൂജ നന്നായി.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഇങ്ങനെ എത്രയോ പേര്‍. പലപ്പോഴും പല നല്ല കലാകാരന്മാരും എഴുത്തുകാരും തിരസ്കൃതനാവുന്നത് സ്വാഭാവികമാണ്. എങ്കിലും ഒരു കാര്‍ട്ടൂണിസ്റ്റ് അറിയപ്പെടാ‍ത്തവനായി അരങ്ങൊഴിഞ്ഞു പോകുന്നത് അപൂര്‍വ്വം.

Visala Manaskan said...

റ്റച്ചിങ്ങായിട്ടുണ്ട് ലേഖനം. gr8!

മുസിരിസ് said...

ഗുരുപൂജ എന്നതിലുപരി സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞതായി തോന്നി.

കണ്ണുനനയിക്കും, കലാസ്നേഹികള്‍ക്ക്.

അതെ എത്രയോ നല്ല കലാകാരന്മാര്‍ നെഗ്ലക്റ്റഡ് ആയിപോകുന്നു,സാഹിത്യകാരന്മാര്‍.. ഇപ്പോ ബ്ലോഗിലെ പ്രസക്തി ഇവിടെയാണ്, വായനക്കാര്‍ ഉണ്ട് എന്നുളള വസ്തുതയാണ് ബലം ആ ബലത്താല്‍ ഇനിയും സജ്ജീവേട്ടന്‍ എഴുതട്ടെ, വരക്കട്ടേ..

വരക്കാനുള്ള ശക്തിയുടെ അംഗീകാരത്തിന്റെ സ്നേഹത്തിന്റ്റെ ഫ്രെയ്മായ ബ്ലോഗില്‍!

ആശംസകള്‍

അജിത്ത് പോളക്കുളത്ത്
ദുബായ്

മെലോഡിയസ് said...

Sajjivettaa, Its really touching!!

കൊച്ചുത്രേസ്യ said...

മാഷേ നന്നായി എഴുതിയിരിക്കുന്നു.
ശരിക്കും ഹൃദയത്തില്‍ തട്ടുന്ന ഒരോര്‍മ്മക്കുറിപ്പ്‌ ..

ആവനാഴി said...

മാഷെ,

ഞാനെന്താ പറയാ മാഷെ. വരപോലെ വരപ്രസാദം കിട്ടിയിരിക്കുന്നു മാഷിനു എഴുത്തിലും. ഹൃദയസ്പര്‍ശിയായിത്തന്നെ എഴുതിയിരിക്കുന്നു.

എല്ലാം ശരിയാകും എന്ന പ്രാര്‍ത്ഥനയാണെപ്പോഴും.

സസ്നേഹം
ആവനാഴി

തമനു said...

വളരെ നിര്‍വികാരതയോടെന്ന വണ്ണം പറഞ്ഞ് നിര്‍ത്തിയ അവസാന പാരഗ്രാഫും വായിച്ചു കഴിഞ്ഞ് കുറേ നേരം നിശബ്ദനായിരുന്നു പോയി ഞാനും..

അച്ഛന്റെയും, സണ്ണിമാഷിന്റെയും ഓര്‍മ്മകള്‍ എപ്പോഴും പ്രചോദനമായി കൂടെയുണ്ടാവട്ടേ..

...പാപ്പരാസി... said...

പറയാന്‍ വാക്കുകളില്ല.

വാല്‍ക്മീകി | Valkmeeki said...

വളരെ നന്നായിട്ടുണ്ട്. മനസ്സില്‍ നന്നായി സ്പര്‍ശിച്ചു.

കുഴൂര്‍ വില്‍‌സണ്‍ said...

കേരളത്തോളം ഒച്ചയുള്ള ചിരിയില്‍
ആരും കേള്‍ക്കാത്ത കരച്ചിലുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു.

ഇപ്പോള്‍ കൂടുതല്‍ ബോധ്യമായി.

ഈ വരകള്‍ കേരളക്കരയുടെ അതിര്‍വരമ്പുകള്‍ കടന്നിരിക്കുന്നു.

ഇനി തിരിച്ചറിഞ്ഞോളും

മുരളി വാളൂര്‍ said...

വിഷമിപ്പിച്ച വരികള്‍....

Ambi said...

വളരെ നന്നായിരിയ്ക്കുന്നു. ശരിയ്ക്കും ..
ശന്തനുവിന്റെ തപാല്‍പ്പാഠങ്ങള്‍ എനിയ്ക്ക്, പണ്ട് പലപ്പോഴും സ്വപ്നമായിരുന്നു...:)

Cartoonist said...

കുട്ടാ,വിശലാക്ഷീ, മുസിരിസ്സേ, രാഗണാ,കൊ.ത്രേ., എ.വി.നാഴീ, തമന്വോ, വാല്‍മീക്യേയ്,വത്സാവിത്സേ,മൊറ്ളീ,അംബീ,

എന്റെ സ്നേഹം, വാത്സല്യം, അനുഗ്രഹം..മൂന്നും എപ്പഴൂം ണ്ടാവും കൂടേട്ടാ.. (മറയുന്നു)

മയൂര said...

ഗുരു പൂജ ഹൃദയസ്പര്‍ശിയായിത്തന്നെ എഴുതിയിരിക്കുന്നു.....

എതിരന്‍ കതിരവന്‍ said...

സജീവ്:
ഇങ്ങനെ മനുഷ്യരെ കരയിക്കാതെ.
സണ്ണിമാഷ് വളരെ ദൂരെയിരുന്ന് ഇതു വായിക്കുന്നുണ്ട് സജീവ്.
വരയിലെ ആര്‍ദ്രത എഴുത്തിലുമുണ്ട് അല്ലേ?

ഇത്തിരിവെട്ടം said...
This comment has been removed by the author.
cartoonist sudheer said...

dear sajeev
we can feel the depth in this article.
realy grate.
sudheernath

അനാഗതശ്മശ്രു said...

അതീവ ഹൃദ്യമീയോര്‍ മ്മക്കുറിപ്പ്

തഥാഗതന്‍ said...

സജീവേട്ടാ.. ഹൃദയ സ്പര്‍ശിയായ ആവിഷ്കാരം..

ഇത്തിരിവെട്ടം said...

സജ്ജീവേട്ടാ ഒരോ വരികളും എത്ര നിസംഗമാണോ അത്രത്തന്നെ താങ്കളുടെ ഉള്ളിന്റെ നീറ്റല്‍ ഏറ്റുവാങ്ങിയിട്ടുണ്ട്... അത് വായനക്കാരിലേക്ക് പകരുന്നുമുണ്ട്.
ഈ ഓര്‍മ്മക്കുറിപ്പ് നന്നായി...

അപ്പു said...

സജീവേട്ടാ....
ഗുരുത്വം എന്നാലെന്തെന്ന് ഈ വരികളിലും വരകളിലും തെളിഞ്ഞുകാണാം. ഇനിയും താങ്കള്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തെട്ടെ. ആശംസകള്‍!

ഇടിവാള്‍ said...

ചേട്ടായി, ഹൃദ്യമായിരിക്കുന്നു ഈ ഓര്‍മ്മകുറിപ്പ്.

ആശംസകള്‍

കുറുമാന്‍ said...

സജ്ജീവ് ഭായ്, വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ഇത്രയും മനോഹരമായി എഴുതാനുള്ള കഴിവ് ഇത്രയും നാള്‍ എവിടെ ഒളിപ്പിച്ചു വച്ചു. വരക്കാന്‍ മാത്രമല്ല, അത്രയും മനോഹരമായി തന്നെ എഴുതിഫലിപ്പിക്കാനുമുണ്ടെന്ന് ഈ പോസ്റ്റ് തെളിയിച്ചിരിക്കുന്നു.

തിരസ്കരിക്കപെട്ട പുണ്യജന്മങ്ങളെ സ്മരിക്കുന്നത് തന്നെ പുണ്യം.

Vempally|വെമ്പള്ളി said...

മാഷെ, ഹൃദയസ്പര്‍ശിയായി, ഈ കുറിപ്പ്.

abraham said...

Hello sajive.
It's indeed a good piece of writing ,but i could'nt write this comment in our language,as you know I'm not yet installed the fonts.Please excuse me for my laziness.Anyhow it seemed to me very interesting.If Sunny would be here he might have laughed at you. I think more readers are there for cartoon but not for poetry.Really I wish to draw if I could.But I'm in the midst of these words and words.I wish to hear you soon
Abraham

ബയാന്‍ said...

സജ്ജീവ് ..

Cartoonist said...

ചീങ്ങ് ചോങ്ങ് മയൂരേ, പതിരില്‍കതിരവാ, ഇത്തിരീ, സ്വാഗതശ്മശ്ര്വോ, തഥാ, അപ്പ്വോ, ഇടിവെട്ടാളേ, കുറുംസ്, വെമ്പല്ലീ, ഇട്ടീരേ,ബയാനേ,

ഒന്നും പറയണ്ട, ഭയങ്കര സന്തോഷായി !
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ് (ഇപ്പോള്‍
ഈ കൂക്ക് ടിവിയിലെ മ്യൂസിക് റിയാലിറ്റി
ഷോകള്‍ക്ക് ഒരവിഭാജ്യ ഘടകമാണ്. ഓരോ
മത്സരാര്‍ഥിയും ഓരോ പാട്ടിനിടയ്ക്കും ഇങ്ങനെ
നാലു വട്ടമെങ്കിലും കൂക്കിയിരുന്നാല്‍
SMSന്റെ ബഹളമായിരിയ്ക്കും)

SUNIL NAIR said...

B-)

v k adarsh said...

i really appreciate you for telling this in a simple way

സാല്‍ജോҐsaljo said...

ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന കാരിക്കേച്ചറുകള്‍! ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്. നന്നായി,

Ravi said...

sajeeve

adipoli. Keep it up. Hats of o you

ravi menon

സിബു::cibu said...

ഇങ്ങനെ വരയും എഴുത്തും ഒരുമിച്ച്‌ ചെയ്യാനാവുക ഒരു അത്ഭുതമാണ്; ബൂലോഗത്തിന്റെ ഭാഗ്യവും.

ആ ഫീഡുകൂടി ഒന്ന്‌ ശരിയാക്കൂ.. വായനാലിസ്റ്റുകളിലേയ്ക്ക് എത്താനുണ്ട് ഇതിലെ പല പോസ്റ്റുകളും.

Sumesh Chandran said...

ഒരേസമയം ഒരേ കലയെക്കുറിച്ചും അതിന്റെ ആഴങളിലേയ്ക്കിറങിചെല്ലാനും നിശ്ശബ്ദമായി ആഗ്രഹിച്ചിരുന്ന രണ്ടു ‘നാടന്‍‘ കലാകാരന്മാര്‍...

ഇടയില്‍ വഴിപിരിഞുപോയ സൌഹൃദം

ഒരുപാടൊന്നും നേടാനാവാതെയുള്ള അകാല മരണം..

എല്ലാവര്‍ക്കും ഉണ്ടാകില്ലേ, ഇമ്മാതിരി ചില്ല കൂട്ടുകാര്‍.. ഒരു തിരിഞുനോട്ടത്തിനു വഴിതെളിച്ച ഈ പോസ്റ്റിനു നന്ദി..

G.manu said...

Sarikkum touching mashey....

അതുല്യ said...

കലകളില്‍ അനുഗ്രഹീതമായ ഒരുപാട് ആളുകള്‍ ഇത് പോലെ ആരും അറിയാതെ തന്നെ മണ്മറഞു പോകുന്നു. ഈ പോസ്റ്റിലൂടെ ഈ നോവുന്ന കുറിപ്പിട്ടതിനു നന്ദിയുണ്ട്.

Pramod.KM said...

നന്നായി ഈ ഓര്‍മ്മയുടെ പങ്കുവെക്കല്‍.

പട്ടേരി l Patteri said...

Very Touching ........

Cartoonist said...

ഹല..ഹല!
സുനില്‍,
B-) മാറ്റി B+)ആക്കാനുള്ള ശ്രമത്തിലാണ്.

ആദര്‍ശ്, പ്രമോദ്, മന്വോ, പട്ടേരി,രവീ, സാല്‍ജോ,
:) സന്തോഷ് തന്നെ !

അതുല്യേ,
ആപ്പറഞ്ഞതിന് ശര്‍മ്മാജ്യെ ഞാനിത്തവണ ഒരു വരവരയ്ക്കുന്നുണ്ട്.

സുമേഷെ,
ങാഹാ, ഇതിപ്പൊ, എന്നെ കരയിപ്പിയ്ക്കുകയാണോ !

സിബൂ,
എന്റെ ഫീഡ് ബേണറിനെപ്പറ്റി നമ്മളിന്നാള് ഭയങ്കര പരീക്ഷണനിരീക്ഷണങ്ങള്‍ നടത്ത്യേന്റെ തലേന്നാള് വരെ, സംഗതി എന്റെ ഊണേശ്വരത്തിനുപറ്റ്യ സാനാണെന്നാ കരുത്യെ.
എഴുത്ത് ഞാന്‍ മുന്‍പേ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നപോലെ എനിയ്ക്കു വരുന്നതല്ല, മോഹിപ്പിച്ചുവരുത്തുന്നതാണ്. എങ്കിലും, എഴുതുമ്പോള്‍ ഇനിയും ശ്രദ്ധിയ്ക്കാം. :)

ഇരിയ്ക്കട്ടെ എല്ലാവര്‍ക്കും എന്റെ അനുഗ്രഹങ്ങള്‍ !

Steephan said...

Dear Sajjive,
I know you from Degree class onwards. I remember the days I use to come to your house and see some of your cartoons those days. Its no wonder that you are at where you are now. It took little time however, you have come successful in life. Everybody was anxious about you those days. Because everybody knew you could do better and better. Your talents have finally surfaced out or just as you said nobody can stop anyone who has fire in them.
Later,almost after more than 20 years, I had the fortune to meet you in your office. I thought in mind that you did stand up to the aspirations of your parents who wished you to be seen in that level.
Coming to your own life, you are successful with a loving family.
I believe you can laugh in the same way you are laughing now. Things have started to pay off for you. Enjoy it and we will be happy to see it.
I also understand that you are equally proficient in using the computer.
Wish to hear more from you and wish you all the best in your endeavors.

OnlinePharmacy said...

JKK8t1 Your blog is great. Articles is interesting!

buy eon phentermine hydrocodone line buy phenter said...

gq5CK0 Wonderful blog.

name said...

GZYhdl Hello all!

cheapest price for meridia said...

xAsBzr Wonderful blog.

cheap hotels motels orlando a said...

Thanks to author.

name said...

Hello all!

callaway x-20 tour irons said...

Magnific!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി