ഞാന്‍ ബഹുമാനിച്ച, അസൂയപ്പെട്ട, ‘ഞങ്ങടെ നാട്ടുകാരനാണ് ’ എന്ന് ഞാന്‍ എത്രയോ പേരോട് അഭിമാനപൂര്‍വം പറഞ്ഞ ഒരാള്‍ ഇന്നു മരിച്ചുപോയി. ഇത് അയാള്‍ക്കുവേണ്ടി …
ചാലക്കുടിയില്‍നിന്ന് ആനമല റോട്ടിലൂടെ വാഴച്ചാല്‍ വഴിയില്‍ നാലു കിലോമീറ്റര്‍ അടുത്ത് പരിയാരം . അതാണെന്റെ സ്ഥലം.
70-കളിലെ പരിയാരം ആര്യഗുപ്ത തീയേറ്റര്‍. മരണം വരെ സി ക്ലാസ്സ് തീയേറ്ററായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം സ്റ്റാന്‍ഡേഡ് ഓലപ്പുര.
സിനിമയെ സില്‍മ എന്നും ഫുട്ബോളിനെ ഗുള്‍ബോളെന്നും ഡോക്ടറെ പാത്തിക്കിരി എന്നും വിശ്വസിച്ചിരുന്ന ജനവിഭാഗത്തില്‍നിന്നാണ് എപ്പോഴും പരിയാരത്തെ കപ്പലണ്ടി
വില്‍പ്പനക്കാര്‍ ഉണ്ടാവുന്നത് എന്ന് അന്നേ ഞാന്‍ നോട്ട് ചെയ്തിരുന്നു. ‘ കപ്പള്ളി…..കപ്പള്ള്യേയ് ’ എന്ന
വിളികള്‍ ആര്യഗുപ്തയുടെ എക്കോപ്രൂഫ് ഓലകളില്‍ത്തട്ടി അടങ്ങുമ്പോഴേക്കും ഈ പരിപ്പ് കഴിച്ച് പ്രഭാവിതരായി ഡസന്‍ കണക്കിന് കുട്ടികള്‍ നൂറുകണക്കിന് വളികള്‍ ഒരു കുഞ്ഞറിയാതെയും വിളംബരരൂപത്തിലും കൊട്ടകക്കകത്ത് വിതരണം ചെയ്തിട്ടുണ്ടാവും.
തീര്‍ന്നില്ല, സിനിമാനോട്ടീസ് വായിച്ച് പ്രദര്‍ശനം പതിവുപോലെ എന്നുറപ്പാക്കാതെ ടാക്കീസിനകത്തേക്കു കയറുന്ന ഒറ്റപ്രേക്ഷകര്‍ ഇല്ലായിരുന്നു എന്നു കൂടി പറഞ്ഞാലേ ഞങ്ങള്‍ പരിയാരത്തുകാരുടെ സിനിമാസ്പിരിറ്റ് മനസ്സിലാവൂ. ( ഇപ്പറഞ്ഞ പരിയാരത്തെ മനക്കണ്ണില്‍ക്കണ്ട് അഭ്രേശ്വരം ടാക്കീസ് എന്ന പേരില്‍ അഭ്രേശ്വരം ഗ്രാമവാസികളെക്കുറിച്ച് ഞാനെഴുതിയ പ്രശസ്തമായ സിനോപ്സിസ് ആരും വായിച്ചിട്ടില്ലെങ്കിലെന്താ സംഗതി എത്രയും ഉജ്ജ്വലമത്രെ ! )
പൊന്നാപുരം കോട്ടയൊക്കെ ആര്യഗുപ്തയില്‍ തകര്‍ത്തുകളിക്കുന്ന കാലത്താണ് ലോഹിതദാസിനെക്കുറിച്ച് അച്ഛന്‍ സൂചിപ്പിക്കുന്നത്. പരിയാരത്തുകാരുടെ പ്രിയങ്കരനായ ഒരു ഡോക്ടറുടെ അനന്തിരവനായിരുന്നു ലോഹി..
അന്ന് നേരില്‍ കണ്ടിരുന്നില്ലെങ്കിലും നസീറിനേക്കാള്‍ സുന്ദരനായ പരിയാരം ഭാസി, തകര്‍ത്തു ബീഡി തെറുക്കുന്ന പനവര്‍ദ് എന്നീ പ്രമുഖ ലോക്കല്‍ നാടകനടന്മാര്‍ക്കിടയില്‍ ഞാന്‍ ലോഹിയെ പ്രതിഷ്ഠിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ്. അത് പരിയാരത്തെ സാരഥി തീയേറ്ററിനെക്കുറിച്ച് ആദ്യം അച്ഛനും പിന്നെ സ്കൂളിലെ കൂട്ടുകാരും പറഞ്ഞറിഞ്ഞ കാലം. ചാലക്കുടിയിലെയും തൃശ്ശൂരിലെയും വഴികളില്‍ക്കൂടി മൌനിയായി നടന്നുനീങ്ങുന്ന ഫാര്‍മസിസ്റ്റായ ലോഹിയെ ഞാന്‍ ഓരോ തവണ വീതം കണ്ടിട്ടുണ്ട്.
70-കളുടെ തുടക്കത്തില്‍ പരിയാരം, കൊടകര എന്നീ തൃശ്ശൂരിലെ പുണ്യപുരാതന ഗ്രാമങ്ങളിലെ 50 വയസ്സിനു താഴെയുള്ള കല്യാണം കഴിക്കാത്ത അണെമ്പ്ളോയ്ഡ് ചെറുപ്പക്കാര്‍ കൂട്ടത്തോടെ താടി വളര്‍ത്തുകയും ആരെങ്കിലും ചോദിച്ചാല്‍ മാത്രം ‘എലക്ട്രീഷ്യന്’ പഠിച്ചോണ്ടിരിക്കുക’യും ചെയ്തുവരികയായിരുന്നെങ്കില്‍ 80-കളുടെ തുടക്കത്തില്‍ ചാലക്കുടി ഭാഗങ്ങളില്‍ ചേക്കേറിയ ടി കക്ഷികളീല്‍ ചിലരും സാക്ഷാല്‍ ലോക്കത്സും അനിയന്ത്രിതമായ തിരക്കഥാനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരികകയായിരുന്നു എന്ന് സാമൂഹ്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ലോഹിതദാസ് എന്നൊരു മനുഷ്യനാണ് ഈ തിരക്കഥാമാനിയ ഉണ്ടാക്കിയത് എന്നത് ഞങ്ങള് ചാലക്കുടിക്കാര്‍ക്കറിയാവുന്നപോലെ മറ്റാര്‍ക്കുമറിയില്ല.
അതുവരെ, വിന്‍ഡീസ് സീരീസില്‍ ഇന്‍ഡ്യ ‘റബ്ബര്‍ ’ നിലനിര്‍ത്തി എന്നു വായിക്കുമ്പോലെ ഗോപ്യമായി തോന്നിപ്പിച്ചിരുന്നു കഥയ്ക്കപ്പുറമുള്ള ഈ തിരക്കഥ. എങ്കിലെന്താ, തനിയാവര്‍ത്തനത്തിനു ശേഷം ചാലക്കുടിയിലെ സകലമാന മാപ്ലാര് ചെറുപ്പക്കാര് വ്യാപാരികളും എന്നെങ്കിലും ഏതെങ്കിലുമൊരു തിരക്കഥയിലൂടെ രക്ഷപ്പെടുന്നത് സ്വപ്നം കണ്ടോണ്ടിരുന്നു. അതിലൊരാളാണ് മത്തായി മാഷ്. ഐടിഐയിലെ സത്യസന്ധനായ, കരാട്ടെ ബ്ലാക്ക്ബെല്‍ട്ടായ ട്യൂട്ടര്‍ . ഞാന്‍ പരിചയപ്പെടുന്ന 1983-കളില്‍ത്തന്നെ 4ഓളം തിരക്കഥകള്‍ അദ്ദേഹം നിര്‍മ്മിച്ചിരുന്നു. ഒരെണ്ണം ഞാന്‍ വായിച്ചിട്ടുമുണ്ട്. അതിലെ ആദ്യ പേജുകളില്‍ത്തന്നെ പലവട്ടം ‘ഇവിടെ ശുഭപന്തുവരാളിയില്‍ ഹമ്മിങ്ങ് വേണം’ന്ന് പ്രത്യേകം എഴുതിയിരുന്നത് എന്തിനായിരുന്നു എന്നു ചോദിച്ചപ്പോള്‍ ‘ഇഫക്ടിനു വേണ്ട്യാ... എനിക്ക്, ലോഹീടെ ആ ഒഴുക്ക് കിട്ടണില്യ’ എന്ന പാവം മറുപടി.
മത്തായി മാഷ്ക്കും എനിക്കും ലോഹി അപ്രാപ്യനായി തുടര്‍ന്നു. കിരീടവും ആധാരവുമൊക്കെ ടിവിയില്‍ വന്നപ്പോള്‍ നല്ല തിരക്കഥയുടെ മൂന്നു മാനദണ്ഡങ്ങള്‍ പണ്ട് നടന്‍ ശ്രീ തിലകന്‍ തിരക്കഥാര്‍ഥിയായി മുന്നില്‍നിന്ന എന്നോട് സൂചിപ്പിച്ചത് കൃത്യമായി പാലിക്കുന്നില്ലേ എന്ന് തട്ടിച്ചുനോക്കി. ഞാനെഴുതിയ ഏക തിരക്കഥയുടേ ആദ്യ കോപ്പി നെടുമുടിയുടെ കയ്യില്‍ കൊടുത്ത് ഞാന്‍ എന്റെ സിനിമാസംഭാവന 16 കൊല്ലം മുമ്പ് പൂര്‍ത്തിയാക്കി. മത്തായിമാഷെക്കുറിച്ച് ഒന്നും കേള്‍ക്കാതായി.
അങ്ങനെയിരിക്കെ, നാലഞ്ചു വര്‍ഷം മുമ്പ്, ഞാന്‍ എറണാകുളത്തെ ഒരു ബീ.എസ്.എന്‍.എല്‍. നമ്പറില്‍ തെറ്റായി ഒന്നു കറക്കിപ്പോയി. അതാ അപ്പുറത്തുനിന്ന് ഘനത്തില്‍ ഒരു ശബ്ദം “ഹലോ, ലോഹിതദാസാണ് !!!
ഈ തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ആദരാഞലികള്‍ ഇവിടെ കഴിയുന്നു.
ലോഹിയുടെ ഭാര്യ, കുഞ്ഞുങ്ങള്‍ – അവര്‍ ഇപ്പോള്‍ ശബ്ദം കേള്‍പ്പിക്കാതെ കരയുകയായിരിക്കും.
മദ്രാസ്സില്‍ ‘സിനിമാ സംവിധാനസഹായി’കളായി കഴിയുന്ന
ചെറുപയ്യന്‍സൊക്കെ നാട്ടില്‍ വന്നാല്‍ വിഐപികളാണ്.
ഇനി ചിത്രം ശ്രദ്ധിക്കൂ. തങ്ങളുടെ കുട്ടന്‍ ‘തിരക്കഥ’യുടെ ചുരുളഴിക്കുന്നതു
കാണാന്‍ കൂടിയിരിക്കുന്ന പടുവൃദ്ധജനങ്ങളെയും ‘സില്‍മാ‘ഭ്രാന്തുള്ള
കസിന്‍സിനെയും പരിണാമഗുപ്തിയിലേയ്ക്ക് സഹ. സംവി. ആയ
ടി പയ്യന്‍ നിഷ്ക്കരുണം തെളിച്ചുകൊണ്ടുപോകുകയാണ്. നാട്ടില്‍ രണ്ടുനാള്‍ നിന്നിട്ട്
മടങ്ങുമ്പോഴേക്കും ഇങ്ങനെ ഡസന്‍ കണക്കിന് ‘സോള്‍ട് മാങ്കോ ട്രീ’കള്‍
ഈ പഹയന്മാര്‍ പഞ്ചായത്തില്‍ ആരുമറിയാതെ നട്ടിട്ടുണ്ടാവും...
ചാലക്കുടിയിലെ ജിമ്മില്‍ കസര്‍ത്തുകള്‍ക്കിടയിലും
ചിന്താക്രാന്തരായിരിക്കുന്ന പയ്യന്‍സുകളെ അക്കാലങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്നു.
പിന്നീടെപ്പോഴോ, ജീവിതം തിരക്കുപിടിച്ചപ്പോള്‍ വീട്ടിലും മനസ്സിലും സ്റ്റോക്കുണ്ടായിരുന്ന
തിരക്കഥകള്‍ ഇവമ്മാര് ഓവര്‍നൈറ്റ് മറന്നുപോവുകയായിരുന്നു. ‘മാലയോഗ’ത്തിന്റെ കഥ തന്റേത് മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് നാടെമ്പാടും പരാതി പറഞ്ഞുനടന്ന, അതിന്റെ വേവില്‍ ട്യൂട്ടോറിയലിലെ തന്റെ പിള്ളേരെ അച്ചാലും മുച്ചാലും പച്ചത്തെറി പറയാറുള്ള ജോണ്‍സന്‍ എസ്തപ്പാനെ ഇപ്പോള്‍ ആരൊക്കെ സിനിമാക്കാരനായി അറിയുന്നുണ്ടാവും ? ആര്‍ക്കറിയാം !
